എറണാകുളം:ആറ് മാസം ഗർഭിണിയായ പതിനഞ്ചുകാരിയുടെ ഗർഭസ്ഥശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. പുറത്തെടുക്കുന്ന കുഞ്ഞിന് ജീവനുണ്ടെങ്കിൽ ഏറ്റെടുക്കാൻ പെൺകുട്ടിയുടെ ബന്ധുക്കൾ തയ്യാറായില്ലെങ്കിൽ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും നിർദേശം.
പോക്സോ കേസിൽ അതിജീവിതയായ പതിനഞ്ചുകാരി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തണം. ഇതിനായി പ്രസ്‌തുത ആശുപത്രിയിലെ സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ മെഡിക്കൽ ടീം രൂപീകരിക്കണമെന്നും ജസ്റ്റിസ് വി.ജി അരുൺ നിർദേശിച്ചു.
പുറത്തെടുക്കുന്ന വേളയിൽ കുഞ്ഞിന് ജീവനുണ്ടെങ്കിൽ മികച്ച ചികിത്സ ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. ഇത്തരം തീരുമാനം വൈകുന്നത് പെൺകുട്ടിയുടെ വേദനയുടെ ആക്കം കൂട്ടുമെന്നും കോടതി വിലയിരുത്തി. രാജ്യത്ത് നിലവിലുള്ള നിയപ്രകാരം ആറ് മാസം പിന്നിട്ട ഗർഭച്ഛിദ്രം അനുവദനീയമല്ല.
വിഷയത്തിൽ നേരത്തെ കോടതി നിർദേശ പ്രകാരം മെഡിക്കൽ ബോർഡ് കൂടി റിപ്പോർട്ട് കൈമാറിയിരുന്നു. ആറ് മാസം പിന്നിട്ട കുഞ്ഞിനെ പുറത്തെടുത്താൽ കുഞ്ഞ് തുടർന്ന് ജീവിക്കാൻ 30 ശതമാനം മാത്രമാണ് സാധ്യതയെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നുമായിരുന്നു മെഡിക്കൽ റിപ്പോർട്ട്. എന്നാൽ പെൺകുട്ടിയുടെ മാനസിക അവസ്ഥ കണക്കിലെടുത്ത കോടതി കുഞ്ഞിനെ പുറത്തെടുക്കാൻ ഉത്തരവിടുകയായിരുന്നു.