എറണാകുളം:ഇടുക്കി ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പനെ കൃത്യമായി നിരീക്ഷിക്കണമെന്ന് ഹൈക്കോടതി. ഭക്ഷണവും വെള്ളവും തേടി അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് തിരികെയെത്താന്‍ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അരിക്കൊമ്പന്‍ ദൗത്യവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി നിരീക്ഷണം. പുതിയ ചുറ്റുപാടുമായും ഭക്ഷണ രീതിയുമായും പൊരുത്തപ്പെടാന്‍ സമയമെടുക്കുമെന്നും അരിയ്‌ക്ക് വേണ്ടി റേഷന്‍ കടകള്‍ തേടി അലയാന്‍ സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.
നിലവില്‍ അരിക്കൊമ്പന്‍ വനമേഖലയില്‍ തന്നെയാണ് ഉള്ളതെന്നും റേഡിയോ കോളര്‍ വഴി കൃത്യമായി വിവരം ലഭിക്കുന്നുണ്ടെന്നും വനംവകുപ്പ് കോടതിയില്‍ പറഞ്ഞു. വനമേഖലയില്‍ മാലിന്യം തള്ളുന്നത് വന്യ ജീവികൾ ജനവാസ മേഖലയിലേക്കിറങ്ങാൻ കാരണമാകുന്നുവെന്നും ചിന്നക്കനാലിൽ മാലിന്യ നിർമാർജനത്തിനുള്ള സംവിധാനമില്ലെന്നും കോടതി പറഞ്ഞു.
മനുഷ്യ മൃഗ സംഘർഷം പഠിക്കാനായി നിയോഗിച്ച ടാസ്‌ക് ഫോഴ്‌സിന്‍റെ നടപടികൾ വിലയിരുത്തുവാനും മറ്റും വിദഗ്‌ധ സമിതി രൂപീകരിക്കാനും തീരുമാനമായി. വിദഗ്‌ധ സമിതി കൺവീനറായി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. വനമേഖലയിലെ നിയമ വിരുദ്ധമായ കയ്യേറ്റങ്ങള്‍ അടക്കം കണ്ടെത്തണമെന്ന് വ്യക്തമാക്കിയ കോടതി വനത്തിനോട് ചേർന്ന് നിയമ വിരുദ്ധമായി ഷെഡുകൾ നിര്‍മിച്ചിട്ടുണ്ടെന്നും കുറ്റപ്പെടുത്തി.
ദീർഘകാല പരിഹാരമെന്ന നിലയിൽ മൃഗങ്ങളുടെ ആവാസ വ്യവസ്ഥ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. മനുഷ്യ - മൃഗ സംഘർഷവുമായി ബന്ധപ്പെട്ട ഹ്രസ്വ- ദീർഘകാല പരിഹാര നടപടികൾ വിദഗ്‌ധ സമിതി കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു. അരിക്കൊമ്പൻ ദൗത്യത്തിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം അസഹനീയ വിമർശനം ഉയർന്നുവെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചെങ്കിലും അത്തരം കാര്യങ്ങൾ അവഗണിച്ചേക്കൂ എന്നായിരുന്നു കോടതിയുടെ മറുപടി.
അരിക്കൊമ്പൻ പ്രശ്‌നത്തിൽ മാധ്യമങ്ങൾ വഴി പലരും മൃഗസ്നേഹികളായി മാറിയെന്നും കോടതി പരാമർശമുണ്ടായി. വന്യ മൃഗങ്ങളും മനുഷ്യരും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ മൃഗങ്ങളെ അവയുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് മാറ്റിയാല്‍ അതിന് കൃത്യമായ പരിഹാരമായെന്നുള്ള വിലയിരുത്തല്‍ തെറ്റാണ്. ഒന്നിനെ മാറ്റുമ്പോള്‍ മറ്റൊന്ന് വന്ന് ആക്രമണം തുടരും. ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ മാറ്റിയതിന് തൊട്ടടുത്ത ദിവസം ചക്കകൊമ്പനെത്തി വീട് തകര്‍ത്തത് ഇതിന് ഉദാഹരണമാണെന്നും കോടതി പറഞ്ഞു.
അരിക്കൊമ്പന്‍ ദൗത്യത്തിലെ പങ്കാളികള്‍ക്ക് അഭിനന്ദനം:അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കെടുത്ത മുഴുവൻ പേരെയും ഹൈക്കോടതി അഭിനന്ദിച്ചു. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ ദൗത്യ സംഘങ്ങളെ അഭിനന്ദിച്ച് കൊണ്ട് കത്ത് നൽകി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘങ്ങള്‍ ദൗത്യം നിർവ്വഹിച്ചത് മനുഷ്യത്വപരമായ നടപടിയുടെ അടയാളമാണെന്നും വ്യക്തിപരമായ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായും കത്തിൽ പറയുന്നു.
അരിക്കൊമ്പന്‍ ദൗത്യം:ഇടുക്കിയിലെ വിവിധ ജനവാസ കേന്ദ്രങ്ങളിലെത്തി ആക്രമണം നടത്തിയ അരിക്കൊമ്പനെ ഇക്കഴിഞ്ഞ ഏപ്രില്‍ 29നാണ് ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തിലെത്തിച്ചത്. രാവിലെ 11.55ന് അരിക്കൊമ്പന് മയക്ക് വെടി വച്ചെങ്കിലും വെടിയേറ്റതിന് ശേഷം നാല് മണിക്കൂര്‍ നടത്തിയ തുടര്‍ച്ചയായ പരിശ്രമത്തിന് ഒടുവിലാണ് അരിക്കൊമ്പനെ വാഹനത്തില്‍ കയറ്റാനായത്. തുടര്‍ന്ന് വാഹനം പെരിയാര്‍ വന്യജീവി സങ്കേത്തതിലേക്ക്.
പെരിയാറിലെ വനവുമായി അരിക്കൊമ്പന്‍ പൊരുത്തപ്പെട്ട് വരുന്നതേയുള്ളു. അതിനിടെയാണിപ്പോള്‍ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. റേഷന്‍ കടകള്‍ തേടി അരിക്കൊമ്പന്‍ വീണ്ടും ചിന്നക്കനാലില്‍ എത്തിയേക്കുമെന്നത്. പെരിയാര്‍ വന്യ ജീവി സങ്കേതത്തിലുള്ള അരിക്കൊമ്പന്‍ 24 മണിക്കൂറും വനം വകുപ്പിന്‍റെ നിരീക്ഷണത്തിലാണിപ്പോള്‍.