എറണാകുളം :വെണ്ണലയില്‍ നടത്തിയ മതവിദ്വേഷ പ്രസംഗ കേസിൽ മുൻ പൂഞ്ഞാർ എം.എൽ.എയും ജനപക്ഷം പാര്‍ട്ടി നേതാവുമായ പിസി ജോർജ് പൊലീസ് കസ്റ്റഡിയില്‍. വിദ്വേഷ പ്രസംഗത്തിൽ ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ച് സര്‍ക്കാര്‍ സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പിസി ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായത്.
കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ജോര്‍ജിന് നോട്ടിസും നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം പാലാരിവട്ടം സ്റ്റേഷനില്‍ എത്തിയത്. അതിനിടെ പി.സി ജോർജിന് പിന്തുണയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉള്‍പ്പടെ പാലാരിവട്ടം സ്റ്റേഷനിലെത്തി. മുമ്പും പ്രകോപന പ്രസംഗങ്ങള്‍ പലരും നടത്തിയിട്ടുണ്ടെന്നും അവരെയൊന്നും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
പിസി ജോർജിനെ അറസ്റ്റ് ചെയ്തത് നീതിയല്ല. അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. പാലാരിവട്ടം സ്റ്റേഷന് മുന്നിൽ പിസി ജോർജിന് പിന്തുണയപ്പിച്ച് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരത്തെ കേസിൽ കോടതി ജാമ്യം റദ്ദാക്കിയ സാഹചര്യത്തിൽ പാലാരിവട്ടം പൊലീസ് പിസി ജോർജിനെ ഫോർട്ട് പൊലീസിന് കൈമാറിയേക്കും.