എറണാകുളം :വെണ്ണല മതവിദ്വേഷ പ്രസംഗ കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. എ ആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഇടക്കാല ജാമ്യം നൽകിയതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജാമ്യം അനുവദിക്കും.
എന്നാൽ തിരുവനന്തപുരം കേസിൽ കോടതി ജാമ്യം റദ്ദാക്കിയ സാഹചര്യത്തിൽ പി സി ജോർജിനെ ഫോർട്ട് പൊലീസിന് കൈമാറും. ഇന്ന് രാത്രി തന്നെ പിസി ജോർജിനെ തിരുവനന്തപുരത്ത് എത്തിച്ച് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും. തിരുവനന്തപുരത്ത് നിന്നുള്ള പൊലീസ് സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.
Also Read: PC George | വിദ്വേഷ പ്രസംഗം : പിസി ജോർജ് കസ്റ്റഡിയില്‍, സ്റ്റേഷന് പുറത്ത് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം
ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ഇന്നലെത്തനെ പി സി ജോർജിന് നോട്ടിസ് നൽകിയിരുന്നു. ഇതേ തുടർന്നാണ് മൂന്നര മണിയോടെ പി സി ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായത്. തിരുവനന്തപുരത്തെ കേസിൽ കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് പി സി ജോർജ് പാലാരിവട്ടം സ്റ്റേഷനിലെത്തിയത്.
പി സി ജോർജിന് പിന്തുണയുമായി ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളും പാലാരിവട്ടം സ്റ്റേഷനിലെത്തിയിരുന്നു. ഇവിടെ ബിജെപി പ്രവർത്തകർ നിലയുറപ്പിച്ചു. പലതവണ സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും പൊലീസ് സംയമനം പാലിച്ചതിനാൽ സംഘർഷം ഒഴിവായി. പ്രതിഷേധ സാഹചര്യം കണക്കിലെടുത്താണ് പി സി ജോർജിനെ മൊഴിയെടുക്കാനായി എആർ ക്യാമ്പിലേക്ക് മാറ്റിയത്.