എറണാകുളം: തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം കൊച്ചിയിയിൽ എത്തിച്ച ഹൃദയം ഹരിനാരായണനിൽ (Harinarayanan) മിടിച്ചു തുടങ്ങി. ഹൃദയം മാറ്റി വെക്കൽ (Heart transplantation) ശസ്ത്രക്രിയ വിജയകരമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ജോസ് ചാക്കോ പെരിയപുറം അറിയിച്ചു. സർക്കാർ അനുവദിച്ച ഹെലികോപ്റ്ററിൽ നാല്‍പത് മിനുട്ട് കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊച്ചിയിലെത്തിക്കാൻ കഴിഞ്ഞതിനാലാണ് ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി (Organs transported through air ambulance).
പല കാരണങ്ങൾ കൊണ്ടും കേരളത്തിലെ അവയവ ദാനം മന്ദീഭവിച്ച സാഹചര്യത്തിലാണ് ഹൃദയം മാറ്റിവെക്കൻ ശസ്ത്രിക നടന്നത്. അവയവ ദാനത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വഴി അവയവദാനം നിലച്ച രീതിയിലായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ഹരി നാരായണൻ കാത്തിരിക്കുകയായിരുന്നു. ഒരു മാസം മുമ്പ് ചെന്നൈയിലേക്ക് മാറ്റുകയും അവിടെയുള്ള ചെലവ് താങ്ങാനാവാതെ തിരിച്ച് വരികയായിരുന്നു. അദ്ദേഹം വളരെ അവശനായിരിക്കുന്ന വേളയിലാണ് ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞത്.
ശസ്ത്രക്രിയ പൂർത്തിയാക്കിയ ഹരി നാരായണനെ അത്യാഹിത വിഭാഗത്തിലേക്ക് മറ്റിയിരിക്കുകയാണ്. 48 മണിക്കൂറിന് ശേഷമേ ഹൃദയ ശസ്ത്രക്രിയ പൂർണ്ണമായും വിജയകരമാണോയെന്ന് പറയാൻ കഴിയുകയുള്ളൂ വെന്നും ഡോ. ജോസ് ചാക്കോ പെരിയപുറം പറഞ്ഞു. ഏറ്റവും സങ്കീർണ്ണമായ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു. സമൂഹത്തിലെ പ്രമുഖരായ ചില വ്യക്തികൾ അവയവ ദാനത്തിനെതിരായ സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്നതും, ചില സിനിമകളും അവയവ ദാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചില ഡോക്‌ടർമാർ തന്നെ അവയവ മാറ്റത്തിനായി കൃത്രിമമായ മസ്‌തിഷ്ക്ക മരണം സൃഷ്‌ടിക്കുന്നതായുള്ള തെറ്റായ സന്ദേശം സമൂഹത്തിന് നൽകുന്നത് കൊണ്ടായിരിക്കാം അവയവ മാറ്റത്തെ പ്രതികൂലമായി ബാധിച്ചത്.
ഇതോടെ വീണ്ടും അവയവ മാറ്റ ശസ്ത്രക്രിയകൾ സജീവമാകുമെന്ന് ഡോ ജോസ് ചാക്കോ പ്രതീക്ഷ പ്രകടിപ്പിച്ചു. മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന ഡോക്‌ടർമാരെ ഭയപ്പെടുത്തുന്ന രീതിയിലുള്ള ചില എഴുത്തുകൾ ലഭിച്ചിരുന്നു. ഇത് തങ്ങളുടെ മനോവീര്യം നഷ്ട്ടപെടുത്തുന്നതാണന്നും ഡോ. ജോസ് ചാക്കോ വെളിപ്പെടുത്തി. ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ഹരി നാരായണന്‍റെ അമ്മ പറഞ്ഞു. രണ്ട് തവണകളായി മക്കളുടെ ഹൃദയ മാറ്റിവെക്കലിനായി എയർ ആംബുലൻസ് വിട്ട് തന്ന സർക്കാറിനും, ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്‌ടർമാർക്കും സഹായിച്ച എല്ലാവർക്കും നന്ദിയെന്നും അവർ പറഞ്ഞു