എറണാകുളം: കൊച്ചിയിൽ വിമാനവാഹിനി കപ്പലിൽ മോഷണം നടത്തിയ രണ്ടു പേർ പിടിയിലായി. ഒരു വർഷം മുമ്പാണ് ഐഎൻഎസ് വിക്രാന്തിൽ നിന്നും ഹാർഡ് ഡിസ്‌കുകൾ കാണാതായത്. നിർമാണത്തിലിരുന്ന കപ്പലിൽ പെയിന്‍റിംഗ് ജോലി ചെയ്ത രണ്ടു പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർ ബിഹാർ, രാജസ്ഥാൻ സ്വദേശികളാണ്. ഇവരിൽ നിന്നും ഹാർഡ് ഡിസ്കിന്‍റെ ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. തൊഴിൽ പ്രശ്നങ്ങളെ തുടർന്നുള്ള വൈരാഗ്യത്തെ തുടർന്നാണ് ഹാർഡ് ഡിസ്‌ക് മോഷ്ടിച്ചതെന്ന് ഇവർ അന്വേഷണ സംഘത്തിന് മൊഴി നൽകി. എൻഐഎക്കാണ് അന്വേഷണ ചുമതല.
കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമാണത്തിലിരുന്ന കപ്പലിൽ നിന്നും കപ്പലിന്‍റെ രൂപരേഖയാണ് മോഷണം പോയത് എന്ന് പൊലിസ് കണ്ടെത്തിയിരുന്നു. യന്ത്രസാമഗ്രികളുടെ വിന്യാസം ഉൾപ്പടെയുള്ള തന്ത്രപ്രധാനമായ പല കാര്യങ്ങളും നഷ്ടപെട്ട ഹാർഡ് ഡിസ്‌കിൽ ഉണ്ടായിരുന്നു. അതിനാൽ ഗുരുതരമായ സുരക്ഷാവീഴ്‌ചയും ഗൗരവകരമായ കുറ്റകൃത്യവുമാണ് നടന്നിരിക്കുന്നത് എന്നാണ് കൊച്ചി പൊലീസിന്‍റെ കണ്ടെത്തൽ. ഇതേ തുടർന്നായിരുന്നു കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്.