എറണാകുളം:അധ്യാപകൻ്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ ഇരയായ ടി.ജെ.ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ടി.ജെ.ജോസഫിനെ കൂടാതെ മകനും, സഹോദരിയും തിരിച്ചറിയൽ പരേഡിൽ പങ്കെടുത്തു(Hand Chopping Case Identification Parade Held In Kochi). ഇവരും ഒന്നാം പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൗരനെന്ന നിലയിൽ തൻ്റെ കടമ നിർവഹിച്ചുവെന്നും പ്രതിക്കെതിരായ ശിക്ഷ തീരുമാനിക്കേണ്ടത് കോടതിയാണെന്നും ടി.ജെ.ജോസഫ് തിരിച്ചറിയല്‍ പരേഡിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.
എൻ.ഐ.എയുടെ അപേക്ഷ പരിഗണിച്ച് കഴിഞ്ഞ ദിവസമായിരുന്നു സിജെഎം കോടതി തിരിച്ചറിയൽ പരേഡിന് അനുമതി നൽകിയത്. സംഭവം നടന്ന് പതിമൂന്ന് വർഷത്തിന് ശേഷമായിരുന്നു ഒന്നാം പ്രതിയെ പിടികൂടിയത്. തനിക്കെതിരെ ആക്രമണം നടത്തിയ പ്രതിയെ എപ്പോൾ കണ്ടാലും തിരിച്ചറിയാൻ കഴിയുമെന്ന് ടി.ജെ.ജോസഫ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ പത്തം തീയതി പുലർച്ചെയാണ് മട്ടന്നൂരിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി പ്രതി സവാദിനെ പിടി കൂടിയത്.
പ്രതിയെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കിയ സാഹചര്യത്തിൽ കസ്റ്റഡിയിൽ വാങ്ങി എൻ.ഐ.എ തെളിവെടുപ്പും, വിശദമായ അന്വേഷണവും നടത്തും. അധ്യപകന്‍റെ കൈ വെട്ടിമാറ്റിയ ക്രൂര കൃത്യം നിർവഹിച്ച സവാദിനായി
ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുകയും, പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.
എൻഐഎ ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാത്തിൽ നടത്തിയ അന്വേഷണത്തിലാണ് സവാദ് പിടിയിലായത്. എറണാകുളം അശമന്നൂർ സ്വദേശിയായ സവാദ് സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു. മട്ടന്നൂർ ബേരത്ത് ഷാജഹാൻ എന്ന പേരിൽ ആൾമാറാട്ടം നടത്തി മരപ്പണിക്കാരനായി കഴിയുകയായിരുന്നു പ്രതി സവാദ്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം കഴിഞ്ഞിരുന്നത് . പ്രതിയെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. എൻഐഎ സംഘം പ്രതി താമസിച്ചിരുന്ന വാടക വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.