എറണാകുളം: ഗുരുവായൂർ ദേവസ്വം ഫണ്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പാടില്ലെന്ന് ഹൈക്കോടതി. ഗുരുവായൂർ ദേവസ്വം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 10 കോടി രൂപ ദേവസ്വം ബോർഡിന് തിരികെ നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഫുൾ ബെഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഗുരുവായൂർ ദേവസ്വത്തിന്‍റെ ആവശ്യം കോടതി തള്ളി.
ദേവസ്വം ബോർഡ് പണം നൽകിയത് നിയമവിരുദ്ധമാണെന്ന ഫുൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് കോടതി ശരിവച്ചു. പ്രളയകാലത്തും കൊവിഡ് കാലത്തുമായി ഗുരുവായൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ 10 കോടി രൂപ തിരിച്ചു നൽകാൻ ഹൈക്കോടതി ഫുൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഹിന്ദു ഐക്യവേദിയടക്കം നൽകിയ ഹർജികളിലായിരുന്നു ഫുൾ ബെഞ്ചിന്‍റെ ഇടപെടൽ.