കൊച്ചി: കുണ്ടന്നൂരിലെ ബാർ ഹോട്ടലിൽ വെടി വയ്പ്പ്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ബാറിൽ നിന്നിറങ്ങിയ രണ്ടംഗ സംഘമാണ് വെടിയുതിർത്തത്. വെടി വയ്പ്പ് നടന്നത് ഉച്ചയ്ക്ക് ആണെങ്കിലും ബാറുടമകൾ പരാതി നൽകാൻ വൈകുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയിലായി.
കൊച്ചി കുണ്ടന്നൂരിലെ ബാര്‍ ഹോട്ടലില്‍ വെടി വയ്പ്പ്: രണ്ടു പേര്‍ പിടിയില്‍ - മരട് പൊലീസ്
കേസിൽ ജാമ്യം ലഭിച്ചതിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായിട്ടായിരുന്നു വെടി വയ്പ്പ്
കൊല്ലം സ്വദേശി റോജനും സുഹൃത്തുമാണ് പിടിയിലായത്. റോജന് മറ്റൊരു കേസിൽ കഴിഞ്ഞ ദിവസമായിരുന്നു ജാമ്യം ലഭിച്ചത്. ഇതേ തുടർന്നുള്ള ആഘോഷത്തിന്റെ ഭാഗമായാണ് ഇയാൾ അഭിഭാഷകനൊപ്പം രണ്ട് മണിയോടെ ഓജീസ് കാന്താരി ബാറിലെത്തിയത്. ഇവർ നാല് മണിയോടെ ബാറിൽ നിന്ന് മടങ്ങവെയാണ് വെടിയുതിർത്തത്. എന്നാൽ ബാറുടമകൾ പരാതി നൽകാൻ വൈകുകയായിരുന്നു. വൈകുന്നേരം ഏഴു മണിയോടെ പരാതി ലഭിച്ച ശേഷമാണ് മരട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയത്. ചുമരിൽ വെടിയുണ്ട പതിച്ചതിന്റ അടയാളം കണ്ടെത്തിയിരുന്നു. പ്രകോപനങ്ങളൊന്നുമില്ലാതെ രണ്ടംഘ സംഘത്തിലെ ഒരാൾ വെടിയുതിർക്കുകയായിരുന്നുവെന്നായിരുന്നു ഹോട്ടൽ അധികൃതർ നൽകിയ വിവരം. അതേസമയം പരാതി നൽകാൻ വൈകിയതും പോലീസ് പരിശോധിക്കും. ഈ ബാർ ഹോട്ടലിലെയും സമീപത്തെയും സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
അപരിചിതരായ രണ്ടു പേർ ഒന്നാം നിലയിലെ ബാറിനിന്ന് ഇറങ്ങിയ ശേഷം താഴത്തെ നിലയിൽ വെച്ച് മുകളിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഇതിനു ശേഷം ഇവരെത്തിയ വാഹനത്തിൽ തന്നെ മടങ്ങുകയായിരുന്നു വെന്നും ബാർ ജീവനക്കാർ പൊലീസിന് മൊഴി നൽകിയിരുന്നു.