എറണാകുളം: കൊച്ചി മെട്രോ കോച്ചിന് മുകളിൽ ഭീഷണി സന്ദേശം എഴുതിയ കേസിൽ അഹമ്മദാബാദ് പൊലീസ് അറസ്‌റ്റ് ചെയ്‌ത നാല് ഇറ്റലിക്കാരെ കേരള പൊലീസ് ചോദ്യം ചെയ്യും. പ്രതികൾക്ക് വേണ്ടി മെട്രോ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ നാലംഗ പൊലീസ് സംഘം ഉടൻ അഹമ്മദാബാദിലേക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരുന്ന മെട്രോ ട്രെയിനില്‍ സ്പ്രേ പെയിന്‍റ് അടിച്ച കേസില്‍ നാല് ഇറ്റലിക്കാരെ അറസ്റ്റ് ചെയ്‌തത് ഒക്‌ടോബർ ഒന്നിനാണ്.
മെയ് 22-നാണ് മെട്രോ യാർഡിൽ നിർത്തിയിട്ട ട്രെയിൻ ബോഗിയിൽ ഭീഷണി സന്ദേശം എഴുതിയതായി അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. പമ്പ എന്ന ട്രെയിനിന് പുറത്തായിരുന്നു ഭീഷണി സന്ദേശം. 'ആദ്യ സ്ഫോടനം കൊച്ചിയിൽ' എന്നായിരുന്നു സ്പ്രേ പെയിന്‍റ് ഉപയോഗിച്ച് എഴുതിയത്. സംഭവത്തിൽ കേസെടുത്ത് കൊച്ചി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.