കൊച്ചി: മഞ്ചികണ്ടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെയെന്ന് ഹൈക്കോടതിയിൽ സർക്കാരിന്‍റെ സത്യവാങ്മൂലം. വെടിവെപ്പ് ഒഴിവാക്കാൻ കഴിയുമായിരുന്നില്ലെന്നും നിരോധിത സംഘടനയുടെ പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്നും ഇവർ നിരവധി കേസുകളിലെ പ്രതികളാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
പൊലീസ് ഉപയോഗിക്കുന്ന തോക്കുകളാണ് മാവോയിസ്റ്റുകളുടെ കയ്യിൽ ഉണ്ടായിരുന്നത്. വെടിവെപ്പ് നടന്നത് ക്ലോസ് റേഞ്ചിൽ അല്ലെന്നും ഇക്കാര്യം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാണെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കോടതി വിധി പറയുന്നത് വരെ സംസ്കരിക്കരുതെന്നും അതുവരെ മൃതദേഹം ഇപ്പോഴുള്ള തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ സൂക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസിൽ കോടതി ചൊവ്വാഴ്ച വിധി പറയും.