എറണാകുളം: ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ചാൻസലറായ ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാലയിലെ സെനറ്റംഗങ്ങൾ നൽകിയ ഹർജികളിന്മേൽ വാദം പൂർത്തിയാക്കിയാണ് കോടതി നാളെ ഉച്ചയ്ക്ക് 1.45 ന് കേസ് വിധി പറയാനായി മാറ്റിയത്. സെർച്ച് കമ്മിറ്റിയംഗത്തെ സെനറ്റ് നാമനിർദേശം ചെയ്‌തിരുന്നുവെങ്കിൽ അതിനനുസൃതമായി പുതിയ വിജ്ഞാപനം ഇറക്കുമായിരുന്നുവെന്ന് ഗവര്‍ണര്‍ കോടതിയെ അറിയിച്ചു.
സെനറ്റ് താനുമായി നിഴല്‍ യുദ്ധം നടത്തിയെന്ന് ഗവര്‍ണര്‍; സെനറ്റംഗങ്ങളെ പുറത്താക്കിയതിലുള്ള ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും - സെർച്ച് കമ്മിറ്റി
പ്രീതി നഷ്‌ടപ്പെട്ടുവെന്ന് കാണിച്ച് ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജിയില്‍ ഹൈക്കോടതി നാളെ വിധി പറയും
ചാൻസലറായ തനിക്കെതിരെ പ്രവർത്തിക്കാനാണ് സെനറ്റ് ശ്രമിച്ചത്. താനുമായി സെനറ്റ് നിഴൽ യുദ്ധം നടത്തുകയായിരുന്നു. തുടർന്നാണ് ചാൻസലർ എന്ന നിലയിൽ താൻ നാമനിർദേശം ചെയ്യപ്പെട്ടവരുടെ മേലുള്ള പ്രീതി പിൻവലിച്ചതെന്നും ഗവർണറുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ പ്രീതി എന്ന ആശയം നിയമപരമായി മാത്രമാണ് പ്രയോഗിക്കാനാകുക എന്നു പറഞ്ഞ കോടതി പ്രീതി ചാൻസലർക്ക് വ്യക്തി താത്‌പര്യത്തിൽ നടപ്പാക്കാനാകില്ലെന്നും ഓർമിപ്പിച്ചു.
പ്രീതി പിൻവലിക്കുന്നതിൽ പരിധി വേണ്ടതല്ലെയെന്ന പരാമർശവും കോടതിയുടെ ഭാഗത്തു നിന്നുമുണ്ടായി. ചാൻസലർ ദുരുദ്ദേശപരമായി പ്രവർത്തിച്ചുവെന്നല്ല പറയുന്നതെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വാദത്തിനിടെ ചൂണ്ടിക്കാട്ടി. അതേസമയം രണ്ടംഗ സെർച്ച് കമ്മിറ്റിയെ അംഗീകരിക്കാനായി ചേർന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്തതിന്‍റെ പേരിലാണ് പുറത്താക്കലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. അംഗത്വം റദ്ദാക്കിയ ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം.