എറണാകുളം: അന്ധവിശ്വാസങ്ങൾക്കും മന്ത്രവാദത്തിനുമെതിരെ നിയമം കൊണ്ടുവരുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇതിനാവശ്യമായ നടപടികൾ മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ ദുർമന്ത്രവാദവും ആഭിചാരവും തടയാൻ നിയമനിർമാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
നിയമനിർമാണ നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്റ്റേറ്റ് അറ്റോർണിക്കും ഡിവിഷൻ ബഞ്ച് നിർദേശിച്ചു. രണ്ടാഴ്‌ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അനാചാരങ്ങൾ തടയാനായി ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മിഷൻ റിപ്പോർട്ടിലെ ശിപാർശകളിന്മേൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്‌ട്ര, കർണാടക സംസ്ഥാനങ്ങളിൽ ആഭിചാരം തടയാൻ നിയമം നടപ്പിലാക്കിയിട്ടുണ്ട്.