എറണാകുളം: നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലെ അക്രമവുമായി ബന്ധപ്പെട്ട ജപ്‌തി നടപടികളിൽ പിഎഫ്ഐ പ്രവർത്തകരല്ലാത്തവരുടെ സ്വത്തുക്കൾ വിട്ടുകൊടുത്തെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച കോടതി ഉത്തരവ് നടപ്പാക്കി. സംസ്ഥാന പൊലീസ് മേധാവിയുടെയും, ലാൻഡ് റവന്യൂ കമ്മിഷണറുടെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്ത വസ്‌തുവകകൾ വിട്ടുകൊടുത്തത്.
ഹര്‍ത്താലിലെ ജപ്തിനടപടി: പിഎഫ്ഐ പ്രവർത്തകരല്ലാത്തവരുടെ സ്വത്തുക്കൾ വിട്ടുകൊടുത്തു - സർക്കാർ - pfi
പിഎഫ്ഐ ബന്ധമില്ലാത്തവരെ ജപ്‌തി നടപടിയിൽ നിന്ന് ഒഴിവാക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു
ജപ്‌തി നേരിട്ടതിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ സ്വത്ത് വിട്ടുനൽകിയതായാണ് റിപ്പോർട്ട്. നാശനഷ്‌ടം കണക്കാക്കുന്നതിനായി നിയോഗിച്ച ക്ലെയിംസ് കമ്മിഷണർക്ക് ഓഫിസ് തുടങ്ങാനായി 6 ലക്ഷം അനുവദിച്ചെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. വിഷയം ബുധനാഴ്‌ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
തെറ്റായി നടപടികൾ നേരിട്ടവരുടെ വിശദാംശങ്ങൾ പ്രത്യേക പട്ടികയായി സമർപ്പിക്കാനും ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. മിന്നൽ ഹർത്താൽ ആക്രമണത്തിൽ പിഎഫ്ഐയിൽ നിന്നും സംഘടന ഭാരവാഹികളിൽ നിന്നും 5.2 കോടി രൂപ നഷ്‌ടപരിഹാരം ഈടാക്കാനും തുക കെട്ടിവയ്ക്കാത്ത പക്ഷം അബ്‌ദുല്‍ സത്താറിന്‍റെയടക്കം സ്വത്തുവകകൾ കണ്ടുകെട്ടാനുമായിരുന്നു സെപ്റ്റംബർ 29ലെ ഇടക്കാല ഉത്തരവ്.