എറണാകുളം:എൻഫോഴ്‌മെന്‍റ് ഡയറക്‌ടറേറ്റിനെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം റദ്ദാക്കിയതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഇഡി ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം നിലനിൽക്കുന്നത്. ഇഡിക്കെതിരായ ആരോപണത്തിൽ പൊലീസ് പരിശോധന ആവശ്യമാണെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. എഫ്.ഐ.ആർ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് നിയമ വിരുദ്ധമാണെന്നും സർക്കാർ അപ്പീൽ ഹർജിയിൽ ചൂണ്ടികാണിച്ചു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരെ നിർബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്‌ത രണ്ട് എഫ്.ഐ.ആറുകളും അന്വേഷണവും ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.