കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും യു.എ.ഇ കോണ്‍സുലേറ്റിലും സ്വാധീനമുണ്ടായിരുന്നുവെന്ന് എൻ.ഐ.എ കോടതിയില്‍. സ്വപ്‌ന സുരേഷിന്‍റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് എൻ.ഐ.എയുടെ നിർണായക വെളിപ്പെടുത്തൽ. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും രാജി വെച്ച ശേഷവും പ്രതിമാസം ആയിരം ഡോളര്‍ വേതനം സ്വപ്‌നയ്ക്ക് ലഭിച്ചിരുന്നു. കോണ്‍സുലേറ്റുമായി അടുത്ത ബന്ധമുള്ളതിന്‍റെ സൂചനയാണിത്. സ്വപ്‌നയില്ലാതെ കോൺസുലേറ്റിന്‍റെ പ്രവർത്തനം പോലും നടക്കാത്ത സാഹചര്യമായിരുന്നുവെന്നും എൻ.ഐ.എ പറയുന്നു.
സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വാധീനമെന്ന് എന്‍.ഐ.എ - latest kochi
രാജി വെച്ച ശേഷവും യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും പ്രതിമാസം 1000 ഡോളര്‍ പ്രതിഫലം. ശിവശങ്കര്‍ മെന്‍ററായി പ്രവര്‍ത്തിച്ചുവെന്നും സ്വപ്ന
ശിവശങ്കറുമായും സ്വപ്‌നയ്ക്ക് അടുത്ത ബന്ധമുണ്ട്. സ്പേസ് പാർക്കിൽ ജോലി വാഗ്‌ദാനം നൽകിയത് ശിവശങ്കറാണ്. ശിവശങ്കറിനെ മെന്‍റര്‍ (ഔദ്യോഗിക കാര്യങ്ങള്‍ക്കുള്ള വഴികാട്ടി/അഭ്യുദയകാംഷി) ആയാണ് കണ്ടതെന്ന് സ്വപ്‌ന മൊഴി നല്‍കിയതായും എന്‍.ഐ.എ സമര്‍പ്പിച്ച വാദത്തില്‍ പറയുന്നു. എന്നാൽ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തപ്പോള്‍ വിട്ടുകിട്ടാന്‍ ശിവശങ്കറിനെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ല. കസ്റ്റംസിനെയും സ്വപ്‌ന സമീപിച്ചുവെന്നും എന്‍.ഐ.എ കോടതിയിൽ പറഞ്ഞു.
കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്‌നയ്ക്ക് വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നുവെന്നും വിദേശത്തും സ്വപ്‌നയ്ക്ക് സ്വാധീനമുണ്ടെന്നും എൻ.ഐ.എ വെളിപ്പെടുത്തി. കള്ളക്കടത്ത് സംഘത്തിലുള്ളവർക്ക് പ്രതിഫലമായി അമ്പതിനായിരം രൂപയാണ് ലഭിച്ചിരുന്നത്. അതേസമയം ആഫ്രിക്കയിലെ മയക്കുമരുന്ന് സംഘവുമായി സ്വർണകള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും എൻ.ഐ.എ അറിയിച്ചു. പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വാദം കേട്ട കോടതി ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത് ഈ മാസം പത്താം തിയതിയിലേക്ക് മാറ്റി വെച്ചു.