എറണാകുളം: സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആഗസ്റ്റ് 21 വരെയാണ് എൻഐഎ കോടതി റിമാന്‍ഡ് ചെയ്‌തത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് സരിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്.
സരിത്തിനെ ആഗസ്റ്റ് 21 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു - എറണാകുളം
കേസിലെ മറ്റ് രണ്ട് പ്രതികളായ സ്വപ്‌നയുടേയും സന്ദീപിന്‍റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവരേയും എൻഐഎ കോടതിയിൽ ഹാജരാക്കും.
രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്‍റെയും നാലാം പ്രതി സന്ദീപ് നായരുടെയും കസ്റ്റഡി കാലാവധി വെള്ളിയാഴ്‌ച അവസാനിക്കും. ഇരുവരെയും ഇന്ന് കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. പ്രതികളെ ഏട്ടു ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് എൻഐഎ കോടതിയെ അറിയിച്ചത്. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചു ദിവസത്തെ കസ്റ്റഡി കൂടി അന്വേഷണ ഏജൻസി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് മൂന്ന് ദിവസത്തെ കസ്റ്റഡി കൂടി അനുവദിച്ചത്. തിരുവനന്തപുരത്തടക്കം എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.
അതേസമയം സ്വപ്‌നയുടേയും സന്ദീപിന്‍റെയും ജാമ്യാപേക്ഷ എൻഐഎ കോടതി പരിഗണിക്കും. തങ്ങൾക്കെതിരെ ആരോപിക്കുന്നത് സാമ്പത്തിക കുറ്റകൃത്യം മാത്രമാണെന്നും യുഎപിഎ ചുമത്തിയതിന് നിയമ സാധുതയില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. അന്വേഷണ സംഘം പത്ത് ദിവസത്തിലധികം ചോദ്യം ചെയ്യലിന് വിധേയമാക്കിയ സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന് ഹര്‍ജിയില്‍ പ്രതികൾ ആവശ്യപ്പെട്ടു.