എറണാകുളം: സ്വർണക്കടത്ത് കേസിൽ ഒന്നാം പ്രതി സരിത്തിനും നാലാം പ്രതി സന്ദീപ് നായർക്കും ഉപാധികളോടെ ജാമ്യം. എൻഫോഴ്‌സ്മെന്‍റ് ( ഇ.ഡി) രജിസ്റ്റർ ചെയ്‌ത കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. കോഫേ പോസെ നിയമ പ്രകാരം കരുതൽ തടങ്കലിലായതിനാൽ ഇരുവർക്കും ജയിൽ മോചിതരാകാൻ കഴിയില്ല.
അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം,പാസ്പോട്ട് സറണ്ടർ ചെയ്യണം,സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നിവയടക്കമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം റജിസ്റ്റർ ചെയ്‌ത കേസിൽ എട്ട് മാസമായി പ്രതികൾ ജയിലിലാണ്. കേസിൽ കുറ്റപത്രം സമർപ്പിച്ചെന്നും തെളിവെടുപ്പ് ഉൾപ്പടെ പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. ഇത് അംഗീകരിച്ചാണ് കോടതി ഉപാധികളോടെ ജാമ്യം നൽകിയത്.
Read More:ഇ.ഡിയുടെ ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
സ്വർണക്കടത്തിൽ ഇ.ഡി റജിസ്റ്റർ ചെയ്‌ത കേസിലെ മറ്റ് പ്രതികളായ സ്വപ്‌ന സുരേഷ്, എം.ശിവശങ്കർ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന് വിചാരണ കോടതി തന്നെ സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. അഞ്ചാം പ്രതി എം.ശിവശങ്കറിന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ ഇ.ഡി. കേസിൽ അറസ്റ്റിലായ മുഴവൻ പ്രതികൾക്കും ജാമ്യം ലഭിച്ചു. അതേസമയം വിദേശത്തുളള മൂന്നാം പ്രതി ഫൈസൽ ഫരീദിനെ അറസ്റ്റുചെയ്യാൻ എൻഫോഴ്സ്മെന്‍റിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നാലാം പ്രതി സന്ദീപ് നായർ ഇ.ഡിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കത്തയച്ചിരുന്നു. അടുത്ത മാസം കോടതി ഈ കത്ത് പരിഗണിക്കും.