എറണാകുളം:തൃക്കാകര നഗരസഭ വൈസ് ചെയർമാനും ലീഗ് നേതാവുമായ എ.എ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിനെ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തു. നെടുമ്പാശേരി എയർപോർട്ട് വഴി ഒരു കോടി രൂപയുടെ സ്വർണം കടത്തിയ സംഭവത്തിൽ ഷാബിനെ രണ്ടാം പ്രതിയാക്കി കസ്റ്റംസ് കേസെടുത്തിരുന്നു.
ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ (ഏപ്രിൽ 27) രാത്രിയോടെയാണ് കാക്കനാട് വച്ച് കസ്റ്റംസ് പിടികൂടിയത്. ഷാബിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം കൊച്ചി കസ്റ്റംസ് ഓഫിസിലേക്ക് വിളിച്ച് വരുത്തി ഇബ്രാഹിംകുട്ടിയേയും ചോദ്യം ചെയ്‌തിരുന്നു. ഇയാളുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു.
READ MORE: സ്വർണ കള്ളക്കടത്തിൽ മകന് പങ്ക്; തൃക്കാക്കര നഗരസഭ വൈസ് ചെയർമാന്‍റെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ്
അതേസമയം ഷാബിന്‍റെ പാസ്പോർട്ട് കണ്ടുകെട്ടുകയും ലാപ്ടോപ്പ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. പ്രതിസ്ഥാനത്തുള്ള ഇറച്ചിവെട്ട് യന്ത്രം എത്തിച്ച സ്ഥാപന ഉടമ സിറാജ്, ഈ കേസുമായി ബന്ധമുള്ള സിനിമ നിർമാതാവ് സിറാജുദീൻ എന്നിവർ ഒളിവിലാണ്. ഇരുവർക്കും കസ്റ്റംസ് നോട്ടീസയച്ചു.
ഇറച്ചിവെട്ട് യന്ത്രത്തിലൊളിപ്പിച്ച് നെടുമ്പാശേരി വഴി കടത്താൻ ശ്രമിച്ച 2.26 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ തൃക്കാകര തുരുത്തുമ്മേൽ എന്‍റർപ്രൈസസ് സ്ഥാപനത്തിന്‍റെ പേരിലാണ് ഇക്കഴിഞ്ഞ 17ന് കാർഗോ നെടുമ്പാശേരിയിലെത്തിയത്. ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ സ്വർണമാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പുറത്തേക്ക് കടക്കുകയായിരുന്ന വാഹനം തടഞ്ഞുനിർത്തി യന്ത്രം പൊളിച്ചു നോക്കിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
READ MORE:ലീഗ് നേതാവിന്‍റെ മകൻ സ്വര്‍ണക്കടത്തില്‍: പുറത്തുവന്ന വിവരങ്ങള്‍ മഞ്ഞുമലയുടെ അറ്റമെന്ന് കോടിയേരി