എറണാകുളം: സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നു. കൊച്ചി എൻഫോഴ്‌സ്മെന്‍റ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. രാവിലെ ഒൻപതരയോടെ ആണ് ബിനീഷ് കൊച്ചി ഇ.ഡി സോണൽ ഓഫീസിൽ ഹാജരായത്. യു.എ.ഇ കോൺസുലേറ്റിൽ വിസ സ്റ്റാമ്പിങ് കരാർ നേടിയെടുക്കുന്നതിന് സ്വപ്നയ്ക്ക് കമ്മിഷൻ നൽകിയ കമ്പനികളിലൊന്നിൽ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഈ കമ്പനിയുടെ ഡയറക്ടറെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബിനീഷിന് കമ്പനിയുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്.
സ്വർണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നു - bineesh kodiyeri controversy
കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്‍റ് ഓഫീസിലാണ് ചോദ്യം ചെയ്യലിനായി ബിനീഷ് ഹാജരായത്.
സ്വർണക്കടത്തിന് പിന്നിലെ ഹവാല, ബിനാമി ഇടപാടുകളിൽ ബിനീഷിന് പങ്കുണ്ടോയെന്നും ഇ.ഡി പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനുള്ള നോട്ടീസ് കൈപ്പറ്റിയത്. ഹാജരാകാൻ തിങ്കളാഴ്ച വരെ സമയം ബിനീഷ് ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ കൊച്ചിയിലെത്താൻ അസൗകര്യമുണ്ടെങ്കിൽ ബിനീഷ് ഉള്ള സ്ഥലത്തെത്തി ചോദ്യം ചെയ്യാമെന്ന് അന്വേഷണസംഘം അറിയിച്ചിരുന്നു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായുള്ള ബിനീഷിന്‍റെ ബന്ധം വിവാദമാകുന്നതിനിടെയാണ് സ്വർണക്കടത്ത് കേസിലും ബിനീഷിന് ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് ലഭിക്കുന്നത്. മുമ്പ് നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു എങ്കിലും ഇത് ആദ്യമായാണ് ഒരു അന്വേഷണ സംഘം ബിനീഷിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്.