എറണാകുളം : സംസ്ഥാനത്ത് സ്വര്‍ണവില സർവകാല റെക്കോഡിലെത്തി. 46,480 രൂപയാണ് ഒരു പവന്‍റെ ഇന്നത്തെ വില. ഒരു പവന് 600 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5810 രൂപയും ഒരു പവന് 46,480 രൂപയുമായി സ്വർണ വില കുതിച്ചുയർന്നു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗ്രാമിന് 75 രൂപയുടെ വർധനവ് ഉണ്ടായത് (Gold Price Rate Kerala Today).
രാജ്യാന്തര വിപണിയിലെ വില വർധനവാണ് സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരാൻ ഇടയായത്. ഇസ്രായേൽ ഹമാസ് യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ സ്വർണ വില ഉയർന്നതോടെയാണ് നേരത്തെ സംസ്ഥാനത്തെയും വിലയിൽ വർധനവുണ്ടായത്. പശ്ചിമേഷ്യയിലെ വെടി നിർത്തലിന്‍റെ സാഹചര്യത്തിൽ വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ചൈനയിൽ ന്യുമോണിയ രോഗം പകരുന്നുവെന്ന വാർത്തകൾ പരന്നതോടെ സ്വർണവിപണിയിലും ഇത് പ്രതിഫലിക്കുകയായിരുന്നു.