എറണാകുളം:മാലിന്യസംസ്‌കരണത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ കൊച്ചിയ്‌ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ഹൈക്കോടതി. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസ് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. മാലിന്യ പ്ലാന്‍റിന്‍റെ മേല്‍നോട്ടം വഹിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ നേതൃത്വം ഉണ്ടാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പ്ലാന്‍റില്‍ തീപിടിത്തം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കൊച്ചി കോർപറേഷൻ സെക്രട്ടറി പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. മാലിന്യ സംസ്‌കരണം പരിശോധിക്കാനുള്ള വെബ് പോർട്ടലും ഹെൽപ് ഡെസ്‌കുകളും സജ്ജമായെന്ന് തദ്ദേശ സെക്രട്ടറി കോടതിയെ അറിയിച്ചു. എന്നാൽ ജില്ല കലക്‌ടര്‍മാര്‍ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അമിക്കസ് ക്യൂറിമാർ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ നേരിട്ട് പരിശോധന നടത്തുമെന്നും കോടതി പറഞ്ഞു.
ഉദ്യോഗസ്ഥർ സമർപ്പിച്ച ആക്ഷൻ റിപ്പോർട്ടുകൾ കോടതി പരിശോധിച്ചു. വിഷയം ഈ മാസം പതിനൊന്നിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. മാലിന്യ പ്ലാന്‍റിലെ തീപിടിത്തം ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികൾ കൊച്ചി കോർപറേഷനും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നടപടികൾ തദ്ദേശ വകുപ്പും ജില്ല കലക്‌ടറും വിശദീകരിക്കണം.
ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കരാറുകൾ സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോർട്ടും കോടതി പരിശോധിക്കും. മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പാലിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിനോടും ഹൈക്കോടതി നിർദേശിച്ചു.
കൊച്ചിയെ വിഴുങ്ങിയ മാലിന്യവും പുകയും:ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടിത്തമുണ്ടായത്. 12 ആദ്യ ദിനം 12 മണിക്കൂര്‍ തുടര്‍ച്ചയായി വെള്ളം ചീറ്റിയതോടെ തീ നിയന്ത്രണ വിധേയമായി. ഇതോടെ അഗ്‌നിശമന സേന മടങ്ങി.