എറണാകുളം:ആലുവയിൽ പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പെൺകുട്ടി മരിച്ചു. ഇതരമതസ്ഥനായ യുവാവുമായുള്ള പ്രണയത്തെ തുടർന്നായിരുന്നു പിതാവ് പതിനാലുകാരിയെ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതേ തുടർന്ന് ഒരാഴ്‌ചയിലേറെയായി ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്ന കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രണയത്തിന്‍റെ പേരിൽ പതിനാലുകാരിയായ കുട്ടിയെ ക്രൂരമായി മർദിച്ചും കളനാശിനി കുടിപ്പിച്ചുമായിരുന്നു പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് ആരോപണം. ആലുവ വെസ്‌റ്റ് പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കുറ്റകൃത്യം നടന്ന വീട്ടിൽ നിന്നും വിദ്യാർഥിനിയെ മർദിച്ച ഇരുമ്പുവടിയും, കുടിപ്പിച്ച കളനാശിനിയുടെ കുപ്പിയും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതിയായ പിതാവ് നിലവിൽ റിമാന്‍ഡിലാണുള്ളത്. സംഭവത്തെ തുടര്‍ന്ന് പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്യും.
കഴിഞ്ഞ മാസം 29നായിരുന്നു മർദനമേറ്റും കളനാശിനി ഉള്ളിൽച്ചെന്നും അവശയായ പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വിദ്യാർഥിയായ മകൾക്ക് യുവാവുമായുണ്ടായ സ്നേഹത്തെ ചൊല്ലിയുള്ള വഴക്കാണ് സംഭവത്തിനിടയാക്കിയതെന്നാണ് പരാതി. പ്രണയം പിതാവ് വിലക്കിയിട്ടും പെൺകുട്ടി തുടർന്നതാണ് ആക്രമണത്തിലേക്ക് പിതാവിനെ നയിച്ചത്.
പിതാവ് കമ്പിവടി കൊണ്ട് മർദിച്ച ശേഷം കളനാശിനി ബലമായി വായിലേക്കൊഴിച്ച് കൊടുക്കുകയായിരുന്നു. ഇതേതുടർന്ന് കുഴഞ്ഞുവീണ പെൺകുട്ടിയെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ശരീരമാസകലം ഇരുമ്പുവടികൊണ്ട് അടിയേറ്റ പാടുകളുമുണ്ട്. പ്രതിയായ പിതാവിനെതിരെ ഗുരുതരമായ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. ആലുവ വെസ്‌റ്റ് പോലീസ് സ്‌റ്റേഷൻ ഇൻസ്പെക്‌ടർ എസ്.സനോജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Also Read: അഞ്ചുവയസുകാരിയുടെ കൊലപാതകം; 'പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതില്‍ സന്തോഷം'; പ്രതികരണവുമായി ആലുവയിലെ വീട്ടമ്മമാര്‍