എറണാകുളം :പെരുമ്പാവൂരിൽ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവാവ് വെട്ടി പരിക്കേല്‍പ്പിച്ച പെൺകുട്ടി മരിച്ചു. രായമംഗലം മുരിങ്ങിപ്പിളളി സ്വദേശി അൽക്കയാണ് മരിച്ചത്. കഴിഞ്ഞ എട്ട് ദിവസമായി രാജഗിരി ആശുപത്രിയിൽ സർജിക്കൽ ഐസിയുവിൽ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു.തലയിലേറ്റ മാരകമായ മുറിവും, അമിത രക്തസ്രാവവും, ന്യുമോണിയ ബാധിച്ചതുമാണ് മരണകാരണമായത് (Girl Hacked By Male Friend Died).
വീട്ടിൽ കയറി അൽക്കയെയും മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടി പരിക്കേല്‍പ്പിച്ച യുവാവിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ബേസിൽ എന്ന എൽദോസിന്റെ വീടുകയറിയുള്ള ആക്രമണത്തിൽ രായമംഗലം കാണിയാട്ട് ഔസേപ്പ്, ഭാര്യ ചിന്നമ്മ, പേരക്കുട്ടിയും നഴ്സിങ് വിദ്യാർഥിനിയുമായ അൽക്ക എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അൽക്കയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത് (19 Year Old Nursing Student Hacked to Death).
മറ്റ് രണ്ടുപേരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമായിരുന്നില്ല. നഴ്സിങ് വിദ്യാർഥിനിയായ അൽക്കയോട് പ്രതി പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ അൽക്ക ഇത് നിരസിച്ചതിലുള്ള വൈരാഗ്യം കാരണമാണ് എൽദോസ് വീട് കയറി ആക്രമിച്ചതെന്നാണ് സൂചന. അൽക്കയുമായി പരിചയമുണ്ടായിരുന്ന ബേസിൽ, സ്ഥിരമായി പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നതായാണ് വീട്ടുകാർ പറയുന്നത്. ഇതേ തുടർന്ന് ഇയാളുടെ മുന്നിൽപ്പെടാതിരിക്കാൻ അൽക്ക ശ്രദ്ധിച്ചിരുന്നു (Perumbavoor Murder).