എറണാകുളം :ആലുവയിൽ ദുരഭിമാനക്കൊലയ്‌ക്കിരയായ പതിനാലുകാരിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി (Girl Died After Attacked By Father). മൃതദേഹം കലൂർ ജുമാമസ്‌ജിദ് ശ്‌മശാനത്തിൽ സംസ്‌കരിക്കും. പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ആലുവയിലെ പെൺകുട്ടി ചൊവ്വാഴ്‌ച (7.11.2023) വൈകുന്നേരം 4:45 ഓടെയാണ് മരണപ്പെട്ടത് (Aluva Girl Death).
ഇതരമതസ്ഥനായ യുവാവുമായുള്ള പ്രണയത്തെ തുടർന്നായിരുന്നു പിതാവ് പതിനാലുകാരിയെ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതേ തുടർന്ന് ഒരാഴ്‌ചയിലേറെയായി ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്ന കുട്ടി ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രണയത്തിന്‍റെ പേരിൽ പതിനാലുകാരിയായ കുട്ടിയെ ക്രൂരമായി മർദിച്ചും കളനാശിനി കുടിപ്പിച്ചുമായിരുന്നു പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് ആരോപണം.
ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് ചികിത്സയിൽ കഴിയുകയായിരുന്ന കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തനിക്കെതിരെ ആക്രമണം നടത്തിയതും, വിഷം വായിൽ ഒഴിച്ചതും പിതാവ് തന്നെയാണെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.
കുറ്റകൃത്യം നടന്ന വീട്ടിൽ നിന്നും വിദ്യാർഥിനിയെ മർദിക്കാന്‍ ഉപയോഗിച്ച ഇരുമ്പുവടിയും, കുടിപ്പിച്ച കളനാശിനിയുടെ കുപ്പിയും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതിയായ പിതാവ് നിലവിൽ റിമാന്‍ഡിലാണുള്ളത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ മാസം 29നായിരുന്നു മർദനമേറ്റും കളനാശിനി ഉള്ളിൽച്ചെന്നും അവശയായ പെൺകുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.