എറണാകുളം :മദ്യം നൽകി യുവതിയെകൂട്ടബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയ്‌ക്ക് മുൻകൂർജാമ്യം (Gang Rape Accused Anticipatory bail) അനുവദിച്ച് ഹൈക്കോടതി(Kerala High Court). പരാതിക്കാരിയും പ്രതിയും വാട്‌സ്‌ആപ്പിലൂടെ നടത്തിയ ചാറ്റാണ് നിർണായകമായത്. പരസ്‌പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് (Consensual sex) തെളിവായി വാട്‌സ്‌ആപ്പ് ചാറ്റ് (WhatsApp chat as proof) സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി പ്രതിയ്‌ക്ക് ജാമ്യം അനുവദിച്ചത്.
ലൈംഗിക ബന്ധത്തിന് ശേഷം പണം നൽകിയതും ചാറ്റിൽ വ്യക്തമായിരുന്നു. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ വൈകിയതും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിധി പറയും മുൻപ് കണക്കിലെടുത്തിരുന്നു. യുവതിയും പ്രതിയും തമ്മിലുള്ള സന്ദേശങ്ങൾ പരിശോധിച്ചത് വഴി പരസ്‌പര സമ്മതപ്രകാരമാണ് ലൈംഗിക ബന്ധം നടന്നതെന്നും ഇതിന് ശേഷം 5000 രൂപ യുവതിക്ക് കൈമാറിയതും വാട്‌സ്‌ആപ്പ് സന്ദേശങ്ങളിൽ നിന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു.
പ്രതിയോടൊപ്പം സുഹൃത്തും ഉണ്ടെന്ന് അറിഞ്ഞുതന്നെയാണ് യുവതി ഹോട്ടലിൽ എത്തിയതെന്നും ഇക്കാര്യം വാട്‌സ്‌ആപ്പ് സന്ദേശത്തിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്നും ഉത്തരവിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ വിട്ടയയ്‌ക്കാനും കോടതി ഉത്തരവിട്ടു.