എറണാകുളം:ജില്ലയിൽ ഗാന്ധിജയന്തി വാരാചരണത്തിൻ്റെ ഭാഗമായുളള ശുചീകരണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കലക്‌ടറേറ്റിൽ ജില്ലാ കലക്ടർ എസ്.സുഹാസ് നിർവഹിച്ചു. ഗാന്ധി ദർശനങ്ങൾക്ക് പ്രസക്തി ഏറിവരികയാണെന്നും അത് ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജയന്തി വാരാചരണത്തിന് തുടക്കം
കലക്ട്രേറ്റിൽ നടന്ന ശുചീകരണ യജ്ഞത്തിൽ വിവിധ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ പങ്കാളികളായി
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. കലക്ട്രേറ്റിൽ നടന്ന ശുചീകരണ യജ്ഞത്തിൽ ഭാരത് മാത കോളേജ് എൻ.എസ്.എസ്. യൂണിറ്റ്, തൃക്കാക്കര സെൻ്റ്. കാതറൈൻസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ, നെഹ്രു യുവകേന്ദ്ര വളണ്ടിയർമാർ, ജെ.സി.ബി. ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, എച്ച്.പി.സി.എൽ.വളണ്ടിയർമാർ, കലക്ടറേറ്റ് ജീവനക്കാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കലക്‌ടറേറ്റ് വളപ്പിലെ മാലിന്യക്കൂമ്പാരവും നീക്കം ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾക്കു മുന്നോടിയായി കളമശ്ശേരി മുതൽ കലക്‌ടറേറ്റ് വരെ പ്ലോഗ് റണ്ണും നടത്തി. കൂട്ടയോട്ടം നടത്തുന്നതിനിടയിൽ വഴിയരികിലെ പാഴ് വസ്തുക്കൾ ശേഖരിച്ച് നീക്കം ചെയ്യുന്ന രീതിയാണ് പ്ലോഗ് റൺ.