എറണാകുളം: കൊച്ചി മംഗളുരു ഗെയിൽ പ്രകൃതി വാതക പൈപ്പ്‌ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാടിന് സമർപ്പിക്കും. രാവിലെ 11ന് വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്‌ഘാടനം. കൊച്ചി പുതുവൈപ്പിനിലെ ടെർമിനലിൽനിന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ വഴിയാണ് പൈപ്പ്‌ലൈൻ കർണാടകത്തിലെ മംഗളുരുവിലെത്തുന്നത്. സംസ്ഥാനത്തിന്‍റെ വികസന മുന്നേറ്റത്തിന് കാരണമാകുന്ന 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി - മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ യാഥാർത്ഥ്യമാക്കിയത് നിരവധി വെല്ലുവിളികൾ നേരിട്ടാണ്.
സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ആദ്യത്തെ പ്രശ്നം. ഇതുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധം പല ജില്ലകളിലും അരങ്ങേറിയിരുന്നു. കേരളത്തിന്‍റെ ഭൂപ്രകൃതിയുടെ പ്രത്യേകതകളും നിർമ്മാണ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായിരുന്നു. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ സ്വീകരിച്ച ശക്തമായ നിലപാടിനൊടുവിലാണ് പദ്ധതി പൂർത്തിയാക്കിയത്. കൊച്ചി - മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈൻ സംസ്ഥാനത്തിന്‍റെ വ്യാവസായിക വളർച്ചയ്ക്ക് സഹായകമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊച്ചിയിൽ നിലവിൽ പത്ത് പ്രധാന വ്യവസായ സ്ഥാപനങ്ങൾ ഗൈയിൽ പൈപ്പ് ലൈനിൽ നിന്നാണ് പ്രകൃതിവാതകം സ്വീകരിക്കുന്നത്. വീടുകൾക്കും വാഹനങ്ങൾക്കും ചെലവു കുറഞ്ഞ ഇന്ധനം ലഭ്യമാകുന്നതിനും ഈ പദ്ധതിയിലൂടെ കഴിയും. കൊച്ചിയിലും പൈപ്പ് ലൈൻ കടന്നുപോകുന്ന മറ്റ് ആറ് ജില്ലകളിലും ഗാർഹിക ഉപഭോക്താക്കൾക്ക് ഗൈൽ വാതക പൈപ്പ് ലൈനിൽ നിന്ന് പ്രകൃതി വാതകമെത്തിക്കുന്നത് അദാനി ഗ്രൂപ്പാണ്.
കൊച്ചിയിൽ നിലവിൽ 3500 ലധികം വീടുകളിലാണ് പൈപ്പ് ലൈൻ വഴി പ്രകൃതി വാതകമെത്തുന്നത്. മുഴുവൻ വീടുകളിലും പൈപ്പ് ലൈൻ വഴി പകൃതി വാതകമെത്തിക്കുകയാണ് സിറ്റിഗ്യാസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൈപ്പ് ലൈൻ പൂർത്തിയാകുന്നത് അനുസരിച്ച് ഗൈൽ വാതക പൈപ്പ് ലൈൻ കടന്ന് പോകുന്ന മറ്റു ജില്ലകളിലെ കൂടുതൽ ഗാർഹിക ഉപഭോക്ത ക്കൾക്ക് ഇതിന്‍റെ നേട്ടം ലഭിക്കും. എൽ.പി.ജിയെക്കാൾ ഏറെ സുരക്ഷിതവുമാണ് പ്രകൃതിവാതകം എന്ന പ്രത്യേകതയുമുണ്ട്. അന്തരീക്ഷ മലിനീകരണം ഏറ്റവും കുറവുള്ള ഇന്ധനമായതുകൊണ്ട് പരിസ്ഥിതി സൗഹാർദ്ദമായ പ്രകൃതി വാതകം ഹരിത ഇന്ധനം എന്നാണ് അറിയപ്പെടുന്നത്.