കൊച്ചി: ചന്ദ്രയാൻ 2 വിക്ഷേപണം സങ്കീർണമായിട്ടുള്ള ഒരു ദൗത്യമാണെന്ന് മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻ നായർ ഇ ടി വി ഭാരതിനോട് പറഞ്ഞു. അവിചാരിതമായിട്ടുള്ള ചില പാളിച്ചകൾ സംഭവിച്ചാലും ഇതിന്‍റെ വിജയ സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രയാൻ 2 വിക്ഷേപണം: വിജയസാധ്യത കൂടുതലെന്ന് ജി മാധവൻ നായർ - ചന്ദ്രയാൻ 2
ഐഎസ്ആർഒയുടെ മുൻകാല ചരിത്രങ്ങൾ നോക്കുമ്പോൾ ഇത് ലക്ഷ്യം നേടുമെന്ന് ജി മാധവൻ നായർ
ഇന്ന് ബഹിരാകാശ ഗവേഷണത്തിനെ സംബന്ധിച്ചിടത്തോളം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ്. സാങ്കേതികമായ എല്ലാ തടസ്സങ്ങളും നീക്കി ചന്ദ്രയാൻ 2 വിക്ഷേപണത്തിന് ഒരുങ്ങിയെന്നും, ഐഎസ്ആർഒയുടെ മുൻകാല ചരിത്രങ്ങൾ നോക്കുമ്പോൾ ഇത് ലക്ഷ്യം നേടും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും മാധവൻ നായർ പറഞ്ഞു.
കഴിഞ്ഞ 15ന് നിശ്ചയിച്ച വിക്ഷേപണം അവസാന മണിക്കൂറിൽ ഇന്ധന ചോർച്ചയെ തുടർന്ന് മാറ്റിവച്ചിരുന്നു. ഇന്നത്തെ വിക്ഷേപണത്തിന്‍റെ ലോഞ്ച് ടൈമിൽ വ്യത്യാസമുണ്ട്. കഴിഞ്ഞപ്രാവശ്യം പുലർച്ചെ ആയിരുന്നെങ്കിൽ ഇത്തവണ ഉച്ചയ്ക്കുശേഷമാണ് വിക്ഷേപണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പുതിയ ഷെഡ്യൂൾ അനുസരിച്ച് ഒരാഴ്ച താമസിച്ചാണ് വിക്ഷേപണം എങ്കിലും ചന്ദ്രനിലിറങ്ങുന്ന ദിവസത്തിന് മാറ്റമുണ്ടാകില്ലെന്നാണ് അധികൃതർ അറിയിച്ചത്. അതിനു വേണ്ടിയിട്ടുള്ള പ്ലാൻ ബിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി പല ഘടകങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിനു വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും ഐഎസ്ആർഒ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ നിശ്ചയ പ്രകാരം 26 ദിവസത്തോളം ചന്ദ്രനെ ചുറ്റാൻ തീരുമാനം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇത് 13 ദിവസമായി കുറഞ്ഞിട്ടുണ്ടെന്നും മാധവൻ നായർ വ്യക്തമാക്കി. സതീഷ് ധവാൻ സ്പേസ് സെന്‍റർ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ഉച്ചയ്ക്ക് 2:43ന് ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ചന്ദ്രൻ പേടകവുമായി കുതിച്ചുയരും.