എറണാകുളം: കോതമംഗലം തങ്കളം-മലയിൻകീഴ് ബൈപ്പാസ് റോഡരികിൽ മൃതദേഹം കണ്ടെത്തിയതു സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം സുഹ്യത്തുക്കൾ തന്നെ വഴിയിൽ ഉപേക്ഷിച്ചതാണെന്ന് തെളിഞ്ഞു. കെട്ടിടത്തിൽ നിന്നും വീണ് പരിക്ക് പറ്റി മരിച്ച തിരുവനന്തപുരം കാട്ടാക്കട മലയൻകീഴ് ചെഞ്ചേരി വീട്ടിൽ ബിജുവിന്‍റെ മൃതദേഹമാണ് വഴിയരികിൽ ഉപേക്ഷിച്ചത്.
സംഭവത്തിൽ മൃതദേഹം വഴിയരികിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഊഞ്ഞാപ്പാറ നെടുമ്പിള്ളിക്കുടി വീട്ടിൽ ശ്രീജിത്ത് (36), ഇഞ്ചൂർ മനക്കപ്പറമ്പിൽ വീട്ടിൽ കുമാരൻ (59), കുറ്റിലഞ്ഞി പുതുപ്പാലം ഭാഗത്ത് കിഴക്ക്കുന്നേൽ വീട്ടിൽ അനിൽകുമാർ (45) എന്നിവരെ കോതമംഗലം പൊലീസ് പിടികൂടി.
മരണപ്പെട്ടയാളും പ്രതികളും ഒരുമിച്ച് കട്ടപ്പന, നെടുങ്കണ്ടം ഭാഗങ്ങളിൽ കടകളുടെ റോളിംഗ് ഷട്ടറിന് ഗ്രീസ് ഇടുന്ന ജോലി ചെയ്തിരുന്നു. കൂടാതെ വരുമാനം മുഴുവനും മദ്യപാനത്തിന് വിനിയോഗിച്ച് കറങ്ങി നടക്കുന്നത് സംഘം പതിവാക്കിയിരുന്നു. തുടർന്ന് ജനുവരി 23ാം തിയതി ജോലികഴിഞ്ഞ് മഠാംപടി ഭാഗത്ത് ലോഡ്ജ് അന്വേഷിച്ച് ചെന്ന സമയം ബിജു കാൽവഴുതി കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് വീണ് മരിക്കുകയായിരുന്നു.
വീഴ്ചയിൽ ഗുരുതര പരിക്ക് പറ്റിയ ബിജുവിനെ ആശുപത്രിയിൽ കൊണ്ടു പോവുകയാണെന്ന് സമീപവാസികളോട് പറഞ്ഞ ശേഷം സുഹൃത്തുക്കൾ ബിജുവിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. മരിച്ചെന്ന് മനസിലാക്കിയതോടെയാണ് പ്രതികൾ തങ്കളം ബൈപ്പാസിൽ മൃതദേഹം ഉപേക്ഷിച്ച് കടന്നത്.
മൃതദേഹത്തിൽ പരിക്കുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ബിജുവിന്‍റെ കൂട്ടുകാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ പ്രതികൾ നെടുങ്കണ്ടത്തുണ്ടെന്ന് മനസിലാക്കിയ പൊലീസ് പ്രതികളെ പിടികൂടുകയും മൃതദേഹം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്തുകയും ചെയ്തു. ബിജുവിനെ ആശുപത്രിയിൽ ആക്കിയാൽ കൈയിൽ നിന്നും പണം ചെലവാക്കേണ്ടി വരുമെന്നതിനാലാണ് പ്രതികൾ അതിന് തയ്യാറാകാതിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.