എറണാകുളം: ലൈംഗിക പീഡനാരോപണം നേരിടുന്ന നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ കൂടുതൽ ആരോപണങ്ങൾ. മറ്റൊരു യുവതിയാണ് വിമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ വിജയ് ബാബുവിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്.
ജോലിയുമായി ബന്ധപ്പെട്ട കാര്യത്തിന് 2021 നവംബറിൽ വിജയ് ബാബുവിനെ കണ്ടുമുട്ടിയപ്പോൾ നടൻ തന്നെ ചുംബിക്കാൻ ശ്രമിച്ചുവെന്നും എതിർത്തപ്പോൾ ആരോടും പറയരുതെന്ന് പറഞ്ഞ് മാപ്പ് പറഞ്ഞെന്നും യുവതി കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:എന്റെ ഒരു അനുഭവം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് ഒരു ദിവസത്തെ സംഭവമായിരുന്നു. 2021 നവംബർ മാസത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയും നടനും നിർമാതാവുമായ വിജയ് ബാബുവിനെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് ഞാൻ കണ്ടുമുട്ടിയത്. ഞങ്ങൾ ചില പ്രൊഫഷണൽ കാര്യങ്ങൾ ചർച്ച ചെയ്തു, പിന്നീട് അയാൾ എൻ്റെ വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചു, ഞാൻ എൻ്റെ ജീവിതത്തിലെ ചില പ്രശ്നങ്ങൾ അയാളോട് സൂചിപ്പിച്ചു. ആ വിഷയത്തിൽ എനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നെ സഹായിക്കാൻ സ്വയം മുന്നോട്ടുവന്നു. ഇതിനിടയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മുറിയുടെ പുറത്തേക്ക് ഇറങ്ങി, അതിനാൽ ഞങ്ങൾ രണ്ടുപേരും മാത്രമേ കുറച്ചു നേരത്തേക്ക് അവിടെ ഉണ്ടായിരുന്നുള്ളൂ.
അയാൾ സ്വയം മദ്യം കഴിക്കുകയും എനിക്കു വാഗ്ദാനം ചെയ്യുകയും ചെയ്തു. ഞാൻ അത് നിരസിച്ചു ജോലി തുടർന്നു. പെട്ടെന്ന് വിജയബാബു എന്റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ, സമ്മതമില്ലാതെ! ഭാഗ്യവശാൽ, എന്റെ റിഫ്ലെക്സ് പ്രവർത്തനം വളരെ വേഗത്തിലായിരുന്നു, ഞാൻ ചാടി പുറകോട്ടേക്ക് മാറി അവനിൽ നിന്ന് അകലം പാലിച്ചു. ഞാൻ അസ്വസ്ഥതയോടെ, പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി. അപ്പോൾ വീണ്ടും എന്നോട് ചോദിച്ചു "ഒരു ചുംബനം മാത്രം?". ഇല്ല എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു. പിന്നെ അദ്ദേഹം മാപ്പ് പറയാൻ തുടങ്ങി, ആരോടും പറയരുതെന്ന് അഭ്യർഥിച്ചു. പേടിച്ച് ഞാൻ സമ്മതിച്ചു. ചില ഒഴിവുകഴിവുകൾ പറഞ്ഞ് ഞാൻ പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങിയോടി.