എറണാകുളം: ക്വാഡ് നാവിക പരിശീലനത്തിന് നേതൃത്വം നൽകാൻ ഫ്രഞ്ച് കപ്പലുകൾ കൊച്ചിയിൽ എത്തി. ക്വാഡ് അംഗങ്ങളായ നാവികസേനയ്‌ക്കൊപ്പം ചേർന്ന് 'ലാ പെറോസ്' എന്ന നാവിക പരിശീലനത്തിന് നേതൃത്വം നൽകുന്നതിനാണ് ഫ്രഞ്ച് നാവികസേനയുടെ ഹെലികോപ്റ്റർ വാഹിനികളായ ടോണെറെയും സർകോഫ് ഫ്രിഗേറ്റും ചൊവ്വാഴ്‌ച കൊച്ചി തുറമുഖത്ത് എത്തിയത്. ഇരു കപ്പലുകളും ഏപ്രിൽ അഞ്ച് മുതൽ ഏഴ് വരെ ബംഗാൾ ഉൾക്കടലിൽ നടക്കാനിരിക്കുന്ന നാവികസേനയുടെ സംയുക്ത പരിശീലനത്തിന് ഉപയോഗിക്കും. ഇന്ത്യൻ നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ ചേർന്നാണ് കപ്പലുകളെ വരവേറ്റത്.
ക്വാഡ് നാവിക പരിശീലനത്തിന് നേതൃത്വം നൽകാൻ ഫ്രഞ്ച് കപ്പലുകൾ കൊച്ചിയിൽ - എറണാകുളം
'ലാ പെറോസ്' എന്ന നാവിക പരിശീലനത്തിനായി ഫ്രഞ്ച് നാവികസേനയുടെ ഹെലികോപ്റ്റർ വാഹിനികളായ ടോണെറെയും സർകോഫ് ഫ്രിഗേറ്റുമാണ് കൊച്ചി തുറമുഖത്ത് എത്തിയത്
![ക്വാഡ് നാവിക പരിശീലനത്തിന് നേതൃത്വം നൽകാൻ ഫ്രഞ്ച് കപ്പലുകൾ കൊച്ചിയിൽ french ships reach kochi to lead quad naval exercise ക്വാഡ് നാവിക പരിശീലനത്തിന് നേതൃത്വം നൽകാൻ ഫ്രഞ്ച് കപ്പലുകൾ കൊച്ചിയിൽ നാവിക പരിശീലനം ലാ പെറോസ് ടോണെറെ സർകോഫ് ഫ്രിഗേറ്റ് കൊച്ചി തുറമുഖം ലാ പെറോസ് നാവിക പരിശീലനം ഫ്രഞ്ച് കപ്പലുകൾ കൊച്ചിയിൽ french ships reach kochi la perouse french ships kochi port ക്വാഡ് quad tonnerre surcouf frigate എറണാകുളം eranakulam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11209626-thumbnail-3x2-ig.jpg)
ക്വാഡ് അംഗങ്ങളായ ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ നാവികസേനയും ഈ അഭ്യാസത്തിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്. അവസാനഘട്ട പരിശീലനത്തിന്‍റെ ഭാഗമായി ടോണെറെയുടെ 600ൽ അധികം ഉദ്യോഗസ്ഥരും കേഡറ്റുകളും അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിൽ പുതുതായുള്ള 150 യുവ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പരിശീലനം പൂർത്തിയാക്കിയ ശേഷം ടോണെറെ, സർകോഫ് എന്നീ കപ്പലുകൾ ജപ്പാനിലേക്ക് പോകുകയും അഞ്ച് മാസത്തിന് ശേഷം ഫ്രാൻസിലേക്ക് മടങ്ങുകയും ചെയ്യും.
ഇതിന് മുമ്പ് 2020 നവംബറിൽ ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവ ചേർന്ന് ബംഗാൾ ഉൾക്കടലിൽ 'മലബാർ' നാവിക പരിശീലനം നടത്തിയിരുന്നു. നാല് രാജ്യങ്ങളിലെയും നാവികസേനകൾ അന്തർവാഹിനി യുദ്ധവിരുദ്ധ പ്രവർത്തനങ്ങളും നാവിക പരിശീലനവും നടത്തിയിരുന്നു. ഇന്ത്യൻ നാവികസേനയുടെ രൺവിജയ്, ശിവാലിക്, ശക്തി, സുകന്യ, അന്തർവാഹിനി സിന്ധുരാജ് എന്നിവയാണ് യുഎസ്‌എസ് ജോൺ എസ് മക്കെയ്ൻ, എച്ച്എംഎസ് ബല്ലാറാത്ത്, ജെഎംഎസ്‌ഡിഎഫ് ഷിപ്പ് ജെഎസ് ഒനാമി എന്നിവരോടൊപ്പം ഈ പ്രവർത്തനങ്ങൾ നടത്തിയത്.