എറണാകുളം: ഒമാൻ പൗരന്മാർക്ക് പിന്നാലെ ഫ്രഞ്ച് പൗരന്മാരെയും കൊച്ചിയിൽ നിന്നും സ്വദേശത്തേക്ക് തിരിച്ചയച്ചു. ലോക് ഡൗണിനെ തുടർന്ന് കേരളത്തിലും തമിഴ്‌നാട്ടിലും കുടുങ്ങിപ്പോയ 112 ഫ്രഞ്ച് പൗരന്മാരുമായി പ്രത്യേക വിമാനമാണ് നെടുമ്പാശ്ശേരിയിൽ നിന്നും പാരീസിലേക്ക് പുറപ്പെട്ടത്. ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരം വിനോദ സഞ്ചാര വകുപ്പ് 24 മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇവരെ കൊച്ചിയിലെത്തിക്കുകയായിരുന്നു.
ഫ്രഞ്ച് പൗരന്മാരെ സ്വദേശത്തേക്ക് തിരിച്ചയച്ചു
കേരളത്തിലും തമിഴ്‌നാട്ടിലുമായി കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരം വിനോദ സഞ്ചാര വകുപ്പ് 24 മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊച്ചിയിലെത്തിച്ച് യാത്രയാക്കുകയായിരുന്നു.
മടക്ക യാത്രക്ക് സഹായിച്ചതിന് പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോൺസുലേറ്റ് ജനറൽ കാതറിൻ കേരള സർക്കാരിനും, വിനോദ സഞ്ചാര വകുപ്പിനും പ്രത്യേകം നന്ദി അറിയിച്ചു. ചികിത്സക്കും വിനോദ സഞ്ചാരത്തിനും വേണ്ടി ടൂറിസ്റ്റ് വിസയിൽ മാർച്ച് 11 ന് മുമ്പാണ് ഇവർ കേരളത്തിലെത്തിയത്. ഇവരിൽ മൂന്ന് വയസ് മുതൽ 85 വയസ് വരെയുള്ളവർ ഉൾപ്പെടുന്നു.
ഫ്രഞ്ച് എംബസിയിൽ നിന്നും വിദേശകാര്യ വകുപ്പിൽ നിന്നും സംഘത്തെ മടക്കി അയക്കണമെന്ന നിർദേശം ലഭിച്ചതോടെ പൊലീസ് സഹായത്തോടെയാണ് വിനോദ സഞ്ചാര വകുപ്പ് ഇവരെ കൊച്ചിയിലെത്തിച്ചത്. കർശനമായ പരിശോധനകൾക്ക് വിധേയമാക്കിയാണ് ഇവരെ വിമാനത്തിനുള്ളിൽ പ്രവേശിപ്പിച്ചത്. ഫ്രഞ്ച് എംബസി ചാർട്ടർ ചെയ്‌ത എയർ ഇന്ത്യ വിമാനം മുംബൈ വഴി ഇന്ന് രാവിലെയാണ് പാരീസിലേക്ക് പോയത്. ഫ്രാൻസിനെക്കാൾ സുരക്ഷിതം കേരളമാണെന്ന് പറഞ്ഞ് മടങ്ങിപ്പോകാത്ത ഫ്രഞ്ചുകാർ ഇനിയും കേരളത്തിലുണ്ട്. യുകെ, യുഎസ് എന്നീ രാജ്യങ്ങളിലെ 200 ഓളം പേരും റഷ്യയിൽ നിന്നുള്ള നൂറിൽ താഴെ വിദേശികളും കേരളത്തിലുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി.