മൂവാറ്റുപുഴ: കേരളത്തിൽ നിന്ന് ചരക്കുമായി പോയ 10 ലോറികൾ മുംബൈ ഭീവണ്ടി പൊലീസ് തടഞ്ഞതിനാൽ കുടുങ്ങി. 10 ലോറികളിലുമായി ഡ്രൈവർ ഉൾപ്പെടെ 29 പേരാണ് കുടുങ്ങിയിരിക്കുന്നത്. ഇതിൽ അഞ്ച് ലോറികൾ മൂവാറ്റുപുഴ സ്വദേശികളുടേതാണ്. മൂന്നു ലോറികൾ പെരുമ്പാവൂർ സ്വദേശികളുടേതും രണ്ടെണ്ണം കണ്ണൂർ സ്വദേശികളുടേതുമാണ്. മൂവാറ്റുപുഴയിൽനിന്നു പൈനാപ്പിൾ, ചക്ക തുടങ്ങിയ ഉത്പന്നങ്ങളുമായി ഹൈദരാബാദ്, രാജസ്ഥാൻ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ലോഡ് ഇറക്കി തിരികെ വരുന്ന വഴിയാണ് ഭീവണ്ടിയില്‍ പൊലീസ് തടഞ്ഞിരിക്കുന്നത്.
കേരളത്തില്‍ നിന്ന് പോയ ചരക്കു ലോറികള്‍ ഭീവണ്ടിയില്‍ കുടുങ്ങി - Freight lorries from Kerala were stranded in Bhiwandi
10 ലോറികളിലുമായി ഡ്രൈവർ ഉൾപ്പെടെ 29 പേരാണ് കുടുങ്ങിയിരിക്കുന്നത്
![കേരളത്തില്‍ നിന്ന് പോയ ചരക്കു ലോറികള്‍ ഭീവണ്ടിയില്‍ കുടുങ്ങി Freight lorries from Kerala were stranded in Bhiwandi കേരളത്തില്‍ നിന്ന് പോയ ചരക്കു ലോറികള്‍ ഭീവണ്ടിയില്‍ കുടുങ്ങി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6533051-692-6533051-1585072916858.jpg)
ലോറിയിലുള്ളവർ എങ്ങനെയെങ്കിലും കേരളത്തിലെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് വീഡിയോ സന്ദേശം അയച്ചു. സാധാരണ ഇവിടെനിന്നുള്ള ചരക്കുകള്‍ ഇറക്കിയ ശേഷം കേരളത്തിലേക്ക് ലോഡുമായി വരാറുള്ള ലോറികൾ കൊവിഡ് പ്രതിരോധം ശക്തമാക്കുകയും കേരളം അടക്കം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ലോഡ് കയറ്റാതെ പെട്ടെന്ന് തിരിച്ചുപോരുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. 20 കിലോമീറ്റർ പിന്നിട്ടാൽ എക്സ്പ്രസ് ഹൈവേയിലെത്തുകയും അവിടെനിന്നു തടസ്സങ്ങളില്ലാതെ കേരളത്തിലെത്താൻ സാധിക്കുകയും ചെയ്യുമെന്നും പറയുന്നു. ഇവിടെ കേരള വണ്ടികൾ മാത്രമാണ് തടഞ്ഞിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.
തിങ്കളാഴ്ച മഹാരാഷ്ട്ര അതിർത്തിയിലെത്തിയ വണ്ടികൾ പലയിടത്തും തടസങ്ങള്‍ കാരണം 10 മണിക്കൂറിലേറെ വൈകിയാണ് ഭീവണ്ടിയിലെത്തിയത്. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഭീവണ്ടിയിൽ പൊലീസ് ലോറികൾ തടഞ്ഞു. ഇവിടെനിന്നു എവിടേക്കും തിരിച്ചുപോകാനാവില്ലെന്നും റോഡിൽ പാർക്കിങ് തടഞ്ഞതോടെ ഇപ്പോൾ ഒരു ക്രഷറിൽ കയറ്റിയിട്ടിരിക്കുകയാണെന്നും ഡ്രൈവർമാർ പറയുന്നു. കൊറോണ ബാധിച്ചിട്ടുള്ള പ്രദേശമായതിൽ ഇവിടെനിന്നു വണ്ടികൾ മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയാണെന്നും സുരക്ഷിത ഭീഷണി നേരിടുന്നതായും ലോറിയിലുള്ളവർ സഹായ അഭ്യർഥനയിൽ പറയുന്നു.