എറണാകുളം: കൊവിഡ് കാലത്തെ നന്മകൾ അവസാനിക്കുന്നില്ല. കോതമംഗലം താലൂക്ക് ആശുപത്രി ജീവനക്കാർക്ക് സ്വന്തമായി നിർമിച്ച ഹാൻഡ് വാഷ് സൗജന്യവിതരണം ചെയ്‌ത് മിദിലാജ് എന്ന എട്ടാം ക്ലാസുകാരൻ. ഒഴിവു വേളകളിൽ കരകൗശല വസ്‌തുക്കൾ നിർമിച്ചും കൃഷി ചെയ്‌തുമെല്ലാമാണ് മിദിലാജ് സമയം ചെലവഴിക്കാറുള്ളത്. കൊവിഡ് വ്യാപനത്തോടെ സാനിറ്റൈസർ നിർമാണം എന്ന ആശയത്തെ കുറിച്ച് മിദിലാജ് ചിന്തിച്ചത്.
കുഞ്ഞു കൈകളിൽ നന്മ വിരിഞ്ഞപ്പോൾ; ആശുപത്രിയിലേക്ക് സൗജന്യ ഹാൻഡ് വാഷുകൾ - കൊവിഡ് 19
യൂട്യൂബ് വഴി ഹാൻഡ് വാഷ് നിർമാണം പഠിച്ചെടുത്ത എട്ടാം ക്ലാസുകാരൻ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് സൗജന്യ ഹാൻഡ് വാഷുകൾ നിർമിച്ച് നൽകി.

യൂട്യൂബിൽ നിന്ന് നിർമാണ രീതി പഠിച്ചെടുത്ത ശേഷം ഹാൻഡ് വാഷ് നിർമാണം ആരംഭിച്ചു. മിനറൽ വാട്ടർ, ഷാംപൂ തുടങ്ങിയവയുടെ കുപ്പികളിൽ ഇവ ശേഖരിക്കാൻ തുടങ്ങി. ആദ്യം കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും നൽകി. പിന്നീട് പിതാവ് ഷെക്കീറിന്‍റെ സഹായത്തോടെ കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സമീപിച്ചു. അനേകം രോഗികളുമായി ഇടപെടുന്ന ആശുപത്രി ജീവനക്കാർക്ക് ഹാൻഡ് വാഷ് സൗജന്യമായി നൽകാനുള്ള മിദിലാജിന്‍റെ ആഗ്രഹം സൂപ്രണ്ട് സ്വീകരിച്ചു. ആശുപത്രി ജീവനക്കാർക്ക് വേണ്ടി കൂടുതൽ അളവിൽ ഹാൻഡ് വാഷ് തയ്യാറാക്കേണ്ടതിനാൽ മാതാവും സഹോദരിമാരും മിദിലാജിനെ സഹായിച്ചു.
ആലുവ ദാറുൽ സലാം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ മിദിലാജ് വാരപ്പെട്ടി ചുള്ളിക്കാട്ട് ഷെക്കീറിന്‍റെയും സൈനബയുടെയും മകനാണ്.