പുതുവര്‍ഷാഘോഷത്തിനൊരുങ്ങി ഫോർട്ട്കൊച്ചി എറണാകുളം: പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങി ഫോർട്ട് കൊച്ചി. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പുതുവത്സരാഘോഷ കേന്ദ്രമായ ഫോർട്ട് കൊച്ചിയിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് നിയന്ത്രണങ്ങളില്ലാതെ നടക്കുന്ന ആഘോഷത്തിന് മാറ്റുകൂട്ടുകയാണ് കാർണിവലും, ബിനാലെയും, പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങുകളും.
അലങ്കാര വിളക്കുകളും, നക്ഷത്രങ്ങളും, ക്രിസ്‌മസ് ട്രീയുമൊക്കയായി ഏറെമനോഹരമായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് ഫോർട്ട് കൊച്ചിയും പരിസരവും. ഫോർട്ട് കൊച്ചി ബീച്ചിലും, പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് മൈതാനിയിലുമാണ് ആഘോഷങ്ങൾ പ്രധാനമായും നടക്കുക. വൈകുന്നേരത്തോടെ ആരംഭിക്കുന്ന ആഘോഷങ്ങൾ രാത്രി 12 മണിക്ക് പാപ്പാഞ്ഞിയെ കത്തിക്കുന്നതോടെയാണ് പൂർത്തിയാവുക.
പോയ വർഷത്തെ തിന്മകളെ അകറ്റി പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിന്‍റെ പ്രതീകമായാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നത്. പോർച്ചുഗീസ് അധീനതയിലായിരുന്ന കാലത്താണ് പാപ്പാഞ്ഞിയെ കത്തിക്കുന്ന ആഘോഷം കൊച്ചിയില്‍ ആദ്യമായി തുടങ്ങിയത്. പാപ്പാഞ്ഞിക്കൊപ്പം പാട്ടും മേളവും കരിമരുന്ന് പ്രയോഗവുമെല്ലാം ആഘോഷത്തിന് മാറ്റു കൂട്ടും.
ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ പാപ്പാഞ്ഞിയെയാണ് കാർണിവൽ കമ്മിറ്റി തയാറാക്കിയത്. പാപ്പാഞ്ഞിയുടെ നിർമാണത്തിനിടെ ഇത്തവണ വിവാദവും ഉടലെടുത്തിരുന്നു. പാപ്പാഞ്ഞിയുടെ മുഖത്തിന് പ്രധാനമന്ത്രിയുടെ മുഖച്ഛായ ഉണ്ടെന്നായിരുന്നു ബിജെപിയുടെ ആരോപണം. ബിജെപി ജില്ല ഘടകം പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസിന്‍റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്. പാപ്പാഞ്ഞിയുടെ മുഖത്തിന് രൂപമാറ്റം വരുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്.
വലിയ തോതിലുള്ള പൊലീസ് സുരക്ഷയാണ് കൊച്ചിയിലെ ആഘോഷങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വിദേശികളായ ടൂറിസ്‌റ്റുകൾക്ക് വേണ്ടി പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് മൈതാനിയിൽ പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. നിരീക്ഷണ ക്യാമറകളും നിരീക്ഷണ ടവറും സ്ഥാപിച്ച്, പൊലീസ് വലയത്തിലാണ് ഫോർട്ട് കൊച്ചിയിലെ ആഘോഷങ്ങൾ നടക്കുക. മയക്കുമരുന്ന് ഉപയോഗം തടയുന്നതിനും പൊലീസ് വിപുലമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.