എറണാകുളം : മത വിദ്വേഷ പ്രസംഗം നടത്തിയ പൂഞ്ഞാര്‍ മുന്‍ എം എല്‍ എ പി.സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടു. വേനലവധിയായതിനാലാണ് സി ബി ഐ കോടതി കേസ് പരിഗണിച്ചത്.
അതേസമയം കേസ് വീണ്ടും പരിഗണിക്കുന്നതിനായി ബുധനാഴ്‌ചയിലേക്ക് മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയായിരിക്കും ബുധനാഴ്‌ച കേസ് പരിഗണിക്കുക. മെയ് എട്ടിന് എറണാകുളം വെണ്ണല ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലെ വിദ്വേഷ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് പി സി ജോര്‍ജിനെതിരെ പാലാരിവട്ടം പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത്.
ഇതിനെതിരെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പിസി ജോര്‍ജ് എറണാകുളം സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ അറസ്റ്റ് തടയണമെന്ന പി സി ജോര്‍ജിന്‍റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ പ്രകാരമാണ് പി സി ജോര്‍ജിനെതിരെ കേസെടുത്തത്.