കൊച്ചി:വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ കസ്‌റ്റംസ് ഉദ്യോഗസ്ഥനും കുടുംബത്തിനും തടവ് ശിക്ഷ. കോഴിക്കോട് മുൻ കസ്‌റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ഇരിങ്ങാലക്കുട സ്വദേശി പി.ആർ വിജയൻ, ഭാര്യ, മൂന്ന് പെൺമക്കൾ എന്നിവർക്കാണ് കൊച്ചി സിബിഐ കോടതി വിവിധ വകുപ്പുകളിലായി നാലുവർഷം തടവും 2.5 കോടി രൂപ പിഴയും ശിക്ഷ വിധിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് 78.9 ലക്ഷം രൂപയുടെ സ്വത്താണ് വിജയനുള്ളതെന്നിരിക്കെ ഇതിൽ കൂടുതൽ സ്വത്തുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നുമായിരുന്നു കേസ്.
സ്വത്തിലേറെയും ഭാര്യയുടെയും മക്കളുടെയും പേരിലാണെന്നും കണ്ടെത്തിയിരുന്നു. ഗൂഢാലോചന കുറ്റമാണ് ഭാര്യക്കും മക്കൾക്കുമെതിരെയുള്ളത്. വിജയന്‍റെ മരുമക്കളിലൊരാളായ റാസി ബാലകൃഷ്‌ണൻ യുഎഇയിൽ നിന്ന് ഭാര്യയ്ക്കും അവരുടെ ബന്ധുക്കൾക്കുമായി 50 ലക്ഷം രൂപ അയച്ചു നൽകിയതായി സിബിഐ കണ്ടെത്തിയിരുന്നു. ഇതിലെ തുടർ നടപടികൾക്ക് നിലവിലെ കോടതി വിധി തടസമല്ലെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. പ്രത്യേക സിബിഐ കോടതി ജഡ്‌ജി കെ.കെ ബാലകൃഷ്‌ണനാണ് കേസിൽ വിധി പറഞ്ഞത്.
റെയ്‌ഡിനിടെ മുങ്ങി ഡിവൈഎസ്‌പി:അടുത്തിടെ സ്വവസതിയിലെ വിജിലന്‍സ് പരിശോധനയ്ക്കിടെ വിജിലന്‍സ് ഡിവൈഎസ്‌പി വീട്ടില്‍ നിന്നും മുങ്ങിയിരുന്നു. വിജിലന്‍സ് ഡിവൈഎസ്‌പി വേലായുധന്‍റെ വീട്ടില്‍ നടന്ന പരിശോധനയ്ക്കിടെയാണ് ഡിവൈഎസ്‌പി മുങ്ങിയത്. കാലത്ത് ആരംഭിച്ച പരിശോധനയില്‍ ഡിവൈഎസ്‌പിയുടെ മൊബൈലും ബാങ്ക് രേഖകളും ഉള്‍പ്പടെ വിജിലന്‍സ് പരിശോധന സംഘം ശേഖരിച്ചിരുന്നു. എന്നാല്‍ പരിശോധന പൂര്‍ത്തിയാകുന്നതിന് മുമ്പേ തന്നെ കഴക്കൂട്ടത്തെ വീട്ടില്‍ നിന്നും അദ്ദേഹം കടന്നുകളയുകയായിരുന്നു.