എറണാകുളം:മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജരേഖയുണ്ടാക്കി ഗസ്റ്റ് അധ്യാപികയായി ജോലി നേടിയ പൂർവ വിദ്യാർഥിനിക്കെതിരെ കേസ്. കാസർകോട് സ്വദേശിനിയായ പൂർവ വിദ്യാർഥിനി കെ വിദ്യയ്‌ക്കെതിരെയാണ് മഹാരാജാസ് കോളജ് പ്രിൻസിപ്പാള്‍ ഡോ. വിഎസ് ജോയി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ പ്രിൻസിപ്പാളില്‍ നിന്ന് പൊലീസ് മൊഴിയെടുക്കും.
കോളജിന്‍റെ പേരിൽ വ്യാജരേഖ ചമച്ച് വിവിധ സർക്കാർ കോളജുകളിൽ ഗസ്റ്റ് അധ്യാപികയായി വിദ്യ ജോലി ചെയ്‌തിരുന്നു എന്നാണ് പരാതി. ഏറ്റവും ഒടുവില്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടി ഗവ. കോളജിൽ ഗസ്റ്റ് അധ്യാപക അഭിമുഖത്തിന് എത്തിയിരുന്നു. എന്നാൽ, കോളജ് അധികൃതർക്ക് സർട്ടിഫിക്കറ്റിൽ സംശയം തോന്നിയതോടെയാണ് തട്ടിപ്പ് പുറത്തായത്. അട്ടപ്പാടി ഗവ. കോളജിലെ അധ്യാപകർ എറണാകുളം മഹാരാജാസ് കോളജ് അധികൃതരെ വിവരമറിയിച്ചതോടെയാണ് വ്യാജരേഖയാണെന്ന് പരിശോധനയിൽ വ്യക്തമായത്.
അഞ്ച് വർഷം മുന്‍പ് മഹാരാജാസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ കെ വിദ്യ മഹാരാജാസ് കോളജ് മലയാളം വിഭാഗത്തിൽ 2018-19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് അധ്യാപികയായിരുന്നു എന്ന വ്യാജ സർട്ടിഫിക്കറ്റാണ് നിർമിച്ചത്. കോളജിന്‍റെ എംബ്ലവും, പ്രിൻസിപ്പാളിന്‍റെ വ്യാജ സീലും വ്യാജമായി നിർമിച്ച് മലയാളം വിഭാഗത്തിൽ രണ്ടുവർഷം ഗസ്റ്റ് അധ്യാപികയായിരുന്നുവെന്ന എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റുകൾ വ്യാജമായി ഉണ്ടാക്കിയെടുക്കുകയായിരുന്നു. ഈ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഒരു വർഷം മുൻപ് പാലക്കാട്ടെ ഒരു സർക്കാർ കോളജിൽ ഇവർ ജോലി നേടിയിരുന്നു.
പൊലീസിൽ പരാതി നല്‍കിയത് ഇന്നലെ:മലയാളം വിഭാഗത്തിൽ 2021- 22 അധ്യയന വർഷത്തിൽ ഒക്ടോബർ മുതൽ മാർച്ച് വരെ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്‌തു. ഇതിനുശേഷം കാസർകോട് ജില്ലയിലെ ഒരു സർക്കാർ കോളജിലും ഇവർ ഗസ്റ്റ് അധ്യാപികയായി നിയമനം നേടി. പത്ത് വർഷമായി മഹാരാജാസ് കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം നടന്നിട്ടില്ലെന്ന് പ്രിൻസിപ്പാള്‍ വിഎസ് ജോയി വ്യക്തമാക്കി. സർട്ടിഫിക്കറ്റിലെ കോളജിന്‍റെ എംബ്ലവും സീലും വ്യാജമാണന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായെന്നും ഇതേ തുടർന്നാണ് ഇന്നലെ പൊലീസിൽ പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.