എറണാകുളം :ഫുഡ് വ്‌ളോഗര്‍ രാഹുൽ എൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും മരണ കാരണം വ്യക്തമാവുക.
ഇന്നലെ (വെള്ളിയാഴ്‌ച) രാത്രിയാണ് തൃപ്പൂണിത്തുറയിലെ വീട്ടില്‍ രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത് (Food vlogger Rahul N Kutty found dead). ഇന്നലെ രാത്രി വൈകിയും സുഹൃത്തുക്കൾക്കൊപ്പം ചെലവഴിച്ച ശേഷം ഒരു മണിയോടെ മദ്യപിച്ച നിലയിലാണ് രാഹുൽ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയത്. തുടർന്ന് നേരത്തെ കൂടയുണ്ടായിരുന്ന സുഹൃത്തിനെ വിളിച്ച് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിക്കുകയായിരുന്നു.
ഇതേ തുടർന്ന് സുഹൃത്ത് ഈ വിവരം വീട്ടുകാരെ വിളിച്ച് അറിയിച്ചെങ്കിലും പ്രശ്‌നങ്ങളില്ലെന്ന് സുഹൃത്തിനെ അറിയിക്കുകയായിരുന്നു. ഈ സമയം രാഹുലിനൊപ്പം അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. പിന്നീട് ഒരു മണിക്കൂറിന് ശേഷം രാഹുൽ ജീവനൊടുക്കാൻ ശ്രമിച്ചെന്നും ഉടൻ എത്തണമെന്നും ആവശ്യപ്പെട്ട് അമ്മ സുഹൃത്തിനെ വിളിക്കുകയായിരുന്നു. ഇയാൾ എത്തി രാഹുലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.