എറണാകുളം:കൊച്ചിയിലെ അരി ഗോഡൗണുകളിൽ ഭക്ഷ്യ വകുപ്പ് മന്ത്രി ജിആർ അനിൽ മിന്നൽ പരിശോധന നടത്തി. റേഷൻ അരി ചാക്കുകൾക്ക് നിലവാരമില്ലന്ന ആരോപണത്തെ തുടർന്നായിരുന്നു പരിശോധന. എഫ്‌സിഐ, സിവിൽ സപ്ലൈസ് ഗോഡൗണുകളിലാണ് പരിശോധന നടത്തിയത്.
റേഷൻ അരി ചാക്കുകൾക്ക് നിലവാരമില്ലെന്നും ഇതിനാൽ അരി പാഴാകുന്നുവെന്നും പരിശോധനയ്ക്ക് ശേഷം മന്ത്രി പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് എഫ്‌സിഐക്ക് കത്ത് നൽകുമെന്നും മന്ത്രി പറഞ്ഞു. ഗോഡൗണുകളിൽ എത്തിക്കുന്ന അരിയും, ഇവിടെ നിന്ന് കൊണ്ടുപോകുന്ന അരിയും പരിശോധിച്ചു.
അരി ഗോഡൗണുകളിൽ മന്ത്രിയുടെ മിന്നൽ പരിശോധന ഗോഡൗണുകളിൽ നിന്ന് അരി കൃത്യമായി കൊടുക്കുന്നുണ്ട്. ചാക്കുകൾ പൊട്ടിയാണ് അരിപാഴാകുന്നത്. റേഷൻ കടയിൽ എത്തുന്ന അരിയുടെ അളവിൽ കുറവ് ഉണ്ടായാൽ , അടുത്ത തവണ അരി ഇറക്കുമ്പോൾ അത് കൂടി നൽകാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ലോക്ക് ഡൗണിനെ തുടർന്ന് പുതിയ ചാക്കുകൾ ലഭ്യമല്ലാത്തതിനാൽ പഴയ ചാക്കുകളിൽ നിറച്ച് അരി എത്തിച്ചതാണ് നിലവിലെ പ്രശ്നത്തിന് കാരണം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന അരിയാണ് പഴയ ചാക്കുകളിൽ നിറച്ച് എത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read More: എകെജി സെന്‍ററിലെ എൽകെജി കുട്ടി; വിമർശനങ്ങൾക്ക് ശക്തമായ മറുപടി നൽകി ആര്യ രാജേന്ദ്രൻ
കൊച്ചിയിൽ ഇന്ന് പൊതുവിതരണം വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം നടന്നിരുന്നു. ഈ യോഗത്തിൽ ഉദ്യോഗസ്ഥരാണ് ചാക്കിന്‍റെ നിലവാരമില്ലായ്മ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്. തുടർന്നായിരുന്നു മന്ത്രി മിന്നൽ പരിശോധന നടത്തിയത്.