എറണാകുളം: കൊച്ചി പ്രളയ ഫണ്ട് തട്ടിപ്പിന്‍റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ജില്ല കലക്ടർ എസ്.സുഹാസ് ജോയിന്‍റ് ലാൻഡ് കമ്മിഷണർ എം.കൗശിക്കിന് കൈമാറി. കലക്‌ടറേറ്റിലെ പ്രളയ ഫണ്ടിന്‍റെ ചുമതലയുണ്ടായിരുന്ന വിഷ്‌ണു പ്രസാദ് നടത്തിയ ഗുരുതര ക്രമക്കേടാണ് തട്ടിപ്പിന് വഴിയൊരുക്കിയതെന്ന് റിപ്പോർട്ടിൽ പരാമർശം. വിഷ്‌ണു പ്രസാദിന് ഒന്നരക്കോടി രൂപയുടെ സ്വത്തുണ്ടെന്നും ഇയാളുടെ സ്വത്ത് തിരിച്ച് പിടിക്കാനും കലക്‌ടറുടെ റിപ്പോർട്ടിൽ ശുപാർശയുണ്ട്. കലക്‌ടറേറ്റിലെ മറ്റു ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിശദീകരണത്തിൽ കലക്‌ടർ അതൃപതി അറിയിച്ചെന്നാണ് സൂചന.
പ്രളയ ഫണ്ട് തട്ടിപ്പ്; എറണാകുളം കലക്‌ടർ അന്വേഷണ റിപ്പോർട്ട് കൈമാറി - joint land commissioner kaushik
ജോയിന്‍റ് ലാൻഡ് കമ്മിഷണർ എം.കൗശിക്കിനാണ് ജില്ല കലക്ടർ എസ്.സുഹാസ് റിപ്പോർട്ട് കൈമാറിയത്. കലക്‌ടറേറ്റിലെ പ്രളയ ഫണ്ടിന്‍റെ ചുമതലയുണ്ടായിരുന്ന വിഷ്‌ണു പ്രസാദ് നടത്തിയ ഗുരുതര ക്രമക്കേടാണ് തട്ടിപ്പിന് വഴിയൊരുക്കിയതെന്നാണ് റിപ്പോർട്ടിൽ പരാമർശം.

ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നും, ഒരു കോടിയോളം രൂപ പ്രളയ ഫണ്ടില്‍ നിന്ന് തട്ടിയെടുത്തതായും വിവരങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ജോയിന്‍റ് ലാൻഡ് റവന്യൂ കമ്മിഷണര്‍ എം.കൗശിക്കിന് കലക്‌ടർ റിപ്പോർട്ട് സമർപ്പിച്ചത്.
അതേസമയം, പ്രളയ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലെ ഒന്നാം പ്രതി വിഷ്‌ണു പ്രസാദിനെ ക്രൈംബ്രാഞ്ച് കലക്‌ടറേറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കലക്‌ടറേറ്റിലെ പ്രളയ പരാതി പരിഹാര സെല്ലിലാണ് തെളിവെടുപ്പ് നടന്നത്. സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പിലെ ഒന്നാമത്തെ കേസിലും വിഷ്‌ണു പ്രസാദ് തന്നെയാണ് ഒന്നാം പ്രതി. ഈ കേസിൽ അറസ്റ്റു ചെയ്തിട്ടും 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് കോടതി ജാമ്യം നൽകിയിരുന്നു. പ്രളയ തട്ടിപ്പിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ കഴിഞ്ഞ ദിവസമാണ് വിഷ്‌ണു പ്രസാദിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.