എറണാകുളം: കൊച്ചിയിലെ പ്രളയ ഫണ്ട് തട്ടിപ്പ് ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത അയ്യനാട് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം സിയാദിന്‍റെ ആത്മഹത്യാ കുറിപ്പിൽ സിപിഎം പ്രാദേശിക നേതാക്കളുടെ പേരുകൾ. പ്രളയ ഫണ്ട് ആരോപണങ്ങളെ തുടർന്ന് ലോക്കൽ കമ്മിറ്റി അംഗമായ സിയാദിനെതിരായ നടപടി സ്വീകരിക്കാൻ തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി തീരുമാനിച്ചിരുന്നു. കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് സിയാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രളയ ഫണ്ട് തട്ടിപ്പുമായി സിയാദിന്‍റെ ആത്മഹത്യയ്ക്ക് ബന്ധമില്ലന്നായിരുന്നു പാർട്ടിയും പൊലീസും വിശദീകരിച്ചിരുന്നത്. ആത്മഹത്യാ കുറിപ്പ് പുറത്ത് വന്നതോടെ ഈ വിശദീകരണം കൂടിയാണ് പൊളിഞ്ഞത്.
പ്രളയ ഫണ്ട് തട്ടിപ്പ്; ആത്മഹത്യാ കുറിപ്പില്‍ സിപിഎം നേതാക്കളുടെ പേരുകൾ
കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ, തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയചന്ദ്രൻ, കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറി കെ.പി.നിസാർ എന്നിവരുടെ പേരുകളാണ് സിയാദ് ആത്മഹത്യ കുറിപ്പിൽ പരാമർശിച്ചിട്ടുള്ളത്.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് സിപിഎം തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗവും അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടറുമായ സിയാദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ അടക്കമുള്ളവരാണ് തന്‍റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് സിയാദിന്‍റെ ആത്മഹത്യാ കുറിപ്പ്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പരത്തിയത് സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യുകയാണെന്നും സിയാദിന്‍റെ കുറിപ്പിലുണ്ട്. സിയാദിന്‍റെ വാഹനത്തിനുള്ളിൽ നിന്നാണ് ബന്ധുക്കൾക്ക് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. ബന്ധുക്കൾ കുറിപ്പ് പൊലീസിന് കൈമാറുകയും പരാതി നൽകുകയും ചെയ്‌തു.
അയ്യനാട് ബാങ്ക് പ്രസിഡന്‍റും സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയചന്ദ്രൻ, ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി കെ.പി.നിസാർ തുടങ്ങിയവർ മാനസികമായി പീഡിപ്പിച്ചെന്നാണ് കുറിപ്പിൽ പറയുന്നത്. അതേസമയം സിയാദിന്‍റെ മരണത്തെ കുറിച്ച് നിക്ഷപക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ തൃക്കാക്കര പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ആത്മഹത്യാകുറിപ്പിൽ പേര് പറയുന്ന ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ ഉൾപ്പടെയുള്ള സിപിഎം നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡിസിസി വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. സിയാദിന്‍റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കേസെടുക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.