മരട് ഫ്ലാറ്റ് ഒഴിപ്പിക്കൽ; നഗരസഭാ സെക്രട്ടറിയെ താമസക്കാർ തടഞ്ഞു, സംഘര്‍ഷം - മരട്
ഹോളി ഫെയ്ത്ത് ഫ്ലാറ്റിലെത്തിയ നഗരസഭ സെക്രട്ടറിയെയും സംഘത്തെയും ഫ്ലാറ്റ് ഉടമകൾ "സെക്രട്ടറി ഗോ ബാക്ക് "എന്ന മുദ്രാവാക്യത്തോടെ തടഞ്ഞത്.
കൊച്ചി:പുനരധിവാസത്തിനുള്ള നോട്ടീസ് നൽകാനെത്തിയ മരട് നഗരസഭ സെക്രട്ടറിയെ ഫ്ലാറ്റ് ഉടമകൾ തടഞ്ഞു. സെക്രട്ടറിയുടെ നിലപാട് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി എം. സ്വരാജ് എംഎൽഎ സെക്രട്ടറിയെ ചോദ്യംചെയ്‌തു. സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഫ്ലാറ്റുകൾ പൊളിച്ച് നീക്കം ചെയ്യുമ്പോൾ ഉടമകൾക്ക് പുനരധിവാസത്തിനുള്ള നടപടികൾ സ്വീകരിക്കേണ്ടത് ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവാദിത്തമാണ്. ജില്ലാ കലക്‌ടർ നിർദേശിച്ചിട്ടുള്ള നടപടികൾ സ്വീകരിക്കുന്നതിനുള്ള ഉത്തരവാണ് നോട്ടീസിൽ പ്രതിപാദിച്ചിരിക്കുന്നത്. താൽക്കാലിക പുനരധിവാസം ആവശ്യമുള്ളവർ നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കുള്ളിൽ മരട് നഗരസഭ ഓഫീസിൽ വിവരങ്ങൾ നേരിട്ടോ രേഖാമൂലമോ അറിയിക്കുവാനും നോട്ടീസിൽ പറയുന്നു.
ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കാതിരിക്കുന്ന പക്ഷം പുനരധിവാസം ആവശ്യമില്ല എന്ന നിഗമനത്തിൽ മരട് നഗരസഭ തുടർ നടപടികൾ സ്വീകരിക്കുമെന്നും സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് നിയമാനുസൃതം നോട്ടീസ് നൽകിയിട്ടില്ലെന്നും ഫ്ലാറ്റുകളിൽ താമസിക്കുന്നത് ബിൽഡേഴ്‌സല്ല മറിച്ച് ഫ്ലാറ്റ് ഉടമകളാണെന്നും സെക്രട്ടറി മനപൂർവ്വം പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും എം. സ്വരാജ് എംഎൽഎ പറഞ്ഞു. ഉടമകളുടെ പ്രതിഷേധത്തെത്തുടർന്ന് ഫ്ലാറ്റിലേക്ക് പ്രവേശിക്കാൻ സാധിക്കാതിരുന്ന മരട് നഗരസഭ സെക്രട്ടറിയും സംഘവും പുറത്ത് നോട്ടീസ് പതിച്ചതിനുശേഷം മടങ്ങി. നോട്ടീസിനെ സംബന്ധിച്ച് യാതൊന്നും പ്രതികരിക്കാൻ സെക്രട്ടറി തയ്യാറായില്ല.