കേരളം

kerala

ETV Bharat / state

ഫ്ലാറ്റ് പൊളിക്കുന്നത് സുരക്ഷ ഉറപ്പ് വരുത്തിയെന്ന് സബ് കലക്ടര്‍

ഫ്ലാറ്റ് പൊളിക്കുന്നതിൽ ഒരു തരത്തിലും അപകട സാധ്യതയില്ലെന്ന് സബ് കലക്‌ടർ സ്നേഹിൽകുമാർ പറഞ്ഞു.

ഫ്ലാറ്റ് പൊളിക്കുന്നത് സുരക്ഷ ഉറപ്പ് വരുത്തി; സബ് കലക്‌ടർ സ്നേഹിൽകുമാർ

By

Published : Oct 13, 2019, 8:58 PM IST

Updated : Oct 13, 2019, 11:59 PM IST

എറണാകുളം: നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഒരുതരത്തിലും പരിസരത്തുള്ള മറ്റു കെട്ടിടങ്ങളെ ബാധിക്കില്ലന്ന് മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയുള്ള സബ് കലക്‌ടർ സ്നേഹിൽകുമാർ പറഞ്ഞു. മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പരിസരവാസികളുടെ ആശങ്കയകറ്റാൻ ചേർന്ന വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് മീറ്റർ മാത്രം അടുത്തുള്ള വീടിനും കേടുപാടുകൾ സംഭവിക്കില്ലന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. കെട്ടിടം പൊളിച്ച് നേരെ വീഴ്ത്തുന്ന രീതിയാണ് ഇവിടെ സ്വീകരിക്കുക. അഞ്ച് മിനിറ്റ് സമയം മാത്രമേ പൊടിപടലങ്ങൾ ഉണ്ടാവുകയുള്ളൂ. 50 മീറ്ററിനും 100 മീറ്ററിനും ഇടയിലുള്ള ദൂരത്തിൽ പൊടി പടരാൻ സാധ്യതയുണ്ട്. സുരക്ഷ മുൻ നിർത്തി നാല് വലയങ്ങളിലായി കവർ ചെയ്യും. അഞ്ച് മീറ്ററിന് അപ്പുറം ഒരു തരത്തിലും ഫ്ലാറ്റ് പൊളിക്കൽ ബാധിക്കില്ല. കൂടുതൽ സങ്കീർണതയുള്ളത് ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ.ഫ്ലാറ്റ് പൊളിച്ചു നീക്കുന്നതിനാണ്.

ഫ്ലാറ്റ് പൊളിക്കുന്നത് സുരക്ഷ ഉറപ്പ് വരുത്തിയെന്ന് സബ് കലക്ടര്‍

100 മീറ്റർ ചുറ്റളവിലുളളവർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രിത സ്ഫോടനം നടത്തുന്നതിന് ഒരു മാസം മുമ്പ് തന്നെ പരിസരവാസികളെ അറിയിക്കും. ഒരു മാസത്തെ പഠനത്തിന് ശേഷമാണ് തിയതി തീരുമാനിക്കുക. പരമാവധി ആറുമണിക്കൂർ സമയത്തേക്ക് മാത്രമേ പരിസരവാസികളെ മാറ്റി പാർപ്പിക്കുകയുള്ളൂ. ഏറ്റവും സുരക്ഷിതമായ മാർഗം എന്ന നിലയിലാണ് സാങ്കേതിക കമ്മിറ്റി നിയന്ത്രിത സ്ഫോടനം തെരെഞ്ഞെടുത്തത്. പൈലിങ് പൊളിച്ചു മാറ്റുകയില്ലെന്നും സബ് കലക്‌ടർ പറഞ്ഞു. ഏതെങ്കിലും തരത്തിൽ വീടുകൾക്ക് വിള്ളൽ വീഴുമോ സമീപത്തെ മത്സ്യ കൃഷിയെ ബാധിക്കുമോ പശുക്കൾ ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങളെ മാറ്റാൻ കഴിയുമോ നിയന്ത്രിത സ്ഫോടനം നൂറ് ശതമാനം സുരക്ഷിതമാണോ തുടങ്ങിയ ചോദ്യങ്ങളാണ് പരിസരവാസികൾ പ്രധാനമായും ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ യോഗത്തിൽ പങ്കെടുക്കില്ലന്ന് സ്നേഹിൽ കുമാർ നിലപാടെടുത്തതിനെ തുടർന്ന് വിശദീകരണ യോഗം ആരംഭിക്കാൻ ഒരു മണിക്കൂർ വൈകി. ഇതേ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. തുടർന്ന് സ്ഥലം എം.എൽ.എ എം.സ്വരാജ് ജില്ലാ കലക്‌ടറുമായി ചർച്ച നടത്തിയാണ് യോഗം ആരംഭിച്ചത്.

Last Updated : Oct 13, 2019, 11:59 PM IST

ABOUT THE AUTHOR

...view details