അപകടത്തിൽപെട്ട ഫൈബർ വള്ളം കരയ്‌ക്കെത്തിക്കുന്നു എറണാകുളം : കൊച്ചിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. ഫോർട്ട് കൊച്ചി തീരത്താണ് ശക്തമായ തിരയിൽ പെട്ട് ഫൈബർ വള്ളം മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പൊലീസും, തീരത്ത് ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപെടുത്തി.
അപകടം സംഭവിച്ച ഉടനെ വള്ളത്തിലുണ്ടായിരുന്ന നാലു പേരും കരയിലേക്ക് നീന്താൻ തുടങ്ങിയെങ്കിലും കോസ്റ്റൽ പൊലീസിന്‍റെ ബോട്ട് എത്തി തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു. കൊച്ചി സ്വദേശികളായ ബൈജു, റിയാസ്, ജോഷി, ജെയ്‌മി എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. മറിഞ്ഞ ഫൈബർ വള്ളം ഫോർട്ട് കൊച്ചി ബോട്ട് ജെട്ടിയിലേക്ക് മാറ്റി. ഇന്ന് രാവിലെ ഏഴര മണിയോടെ അപകടം സംഭവിച്ചത്.
വേദനയായി മുതലപ്പൊഴി ദുരന്തം: കഴിഞ്ഞ തിങ്കളാഴ്‌ച (ജൂലൈ 10) തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാല് മത്സ്യ തൊഴിലാളികൾ മരണപ്പെട്ടിരുന്നു. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്‍റണി, റോബിൻ എഡ്‍വിൻ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. അപകടം നടന്ന ദിവസം തന്നെ കുഞ്ഞുമോനെ കണ്ടെത്തിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
തിങ്കളാഴ്‌ച പുലര്‍ച്ചെ നാല് മണിയോടെയാണ് മത്സ്യബന്ധനത്തിനായി പോയ വള്ളം മറിഞ്ഞത്. യാത്ര തിരിച്ച് മിനിറ്റുകള്‍ക്കകം ശക്തമായ തിരയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. ബോട്ട് മറിഞ്ഞതിന് പിന്നാലെ എത്തിയ മറ്റൊരു മത്സ്യബന്ധന വള്ളത്തിലുണ്ടായിരുന്നവരാണ് കുഞ്ഞുമോനെ കരക്കെത്തിച്ചത്.
അബോധാവസ്ഥയില്‍ കരയിലെത്തിച്ച കുഞ്ഞുമോനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞുമോന്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ മത്സ്യതൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കോസ്റ്റ്ഗാര്‍ഡോ, മറൈന്‍ ആംബുലന്‍സോ ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നില്ലെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിച്ചിരുന്നു.
പിന്നാലെ കോസ്റ്റ്‌ഗോര്‍ഡിനൊപ്പം നാട്ടുകാരായ മത്സ്യതൊഴിലാളികളും നേവിയുടെ സ്‌കൂബ ടീമും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കടല്‍ പ്രക്ഷുബ്‌ധമായി തുടർന്ന തെരച്ചിലിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. പുലിമുട്ടിലെ കല്ലിനിടയിൽ കുടുങ്ങിയ നിലയിലായരുന്നു സുരേഷിന്‍റെയും ബിജുവിന്‍റെയും മൃതദേഹം കണ്ടെത്തിയത്. ഹാർബറിന് സമീപത്ത് നിന്നാണ് റോബിന്‍റെ മൃതദേഹം ലഭിച്ചത്. എല്ലാവരുടെയും മൃതദേഹങ്ങൾ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
വാമനപുരം നദിയും കഠിനംകുളം കായലും അറബിക്കടലിൽ ചേരുന്ന സ്ഥലമാണ് പെരുമാതുറയിലെ മുതലപ്പൊഴി. നിരന്തരം അപകടം നടക്കുന്ന സ്ഥലമാണ് മുതലപ്പൊഴി. കഴിഞ്ഞ രണ്ട് മാസത്തിനിടെയുണ്ടാകുന്ന പത്താമത്തെ അപകടമായിരുന്നുവിത്. നിര്‍മാണത്തിലെ അപാകതയാണ് മേഖലയിൽ നിരന്തരമുളള അപകടത്തിന് കാരണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആരോപണം.
മന്ത്രിമാരെ തടഞ്ഞ് പ്രതിഷേധം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായവർക്കായി തിരച്ചില്‍ നടക്കുന്നതിനിടെ സ്ഥലത്തെത്തിയ മന്ത്രിമാർക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്‍റണി രാജു, ജിആർ അനില്‍ എന്നിവരെയാണ് തടഞ്ഞത്. രക്ഷപ്രവർത്തനത്തിലെ അലംഭാവം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധക്കാർക്കെരെ മന്ത്രി വി ശിവൻകുട്ടിയും ആന്‍റണി രാജുവും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പ്രതിഷേധത്തിന്‍റെ ഭാഗമായി ഫാ യൂജിൻ പെരേരയ്ക്ക് എതിരെ കേസെടുക്കുകയും ചെയ്‌തിരുന്നു. ഇത് പിന്നീട് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായി.