കേരളം

kerala

ETV Bharat / state

ഭുഗര്‍ഭജല വരാല്‍ മത്സ്യത്തെ കുഫോസ് ഗവേഷകര്‍ കണ്ടെത്തി - കണ്ടെത്തി

സ്‌നേക്ക്‌ഹെഡ് (വരാല്‍) കുടുംബത്തില്‍പ്പെട്ട പുതിയ മത്സ്യ ഇനത്തെയാണ് കണ്ടെത്തിയത്. ലോകത്തില്‍ ആദ്യമായി കേരളത്തിലാണ് ഇവയെ കണ്ടെടുത്തത്

ഭുഗര്‍ഭജല വരാല്‍ മത്സ്യത്തെ കണ്ടെത്തി  കുഫോസ് ഗവേഷകര്‍

By

Published : May 9, 2019, 9:12 PM IST

കൊച്ചി: ഭൗമോപരിതലത്തിന് അടിയിലുള്ള ഭൂഗര്‍ഭ ശുദ്ധജലാശയങ്ങളില്‍ ജീവിക്കുന്ന അപൂര്‍വ്വയിനം വരാല്‍ മത്സ്യത്തെ ലോകത്ത് ആദ്യമായി കേരളത്തില്‍ കണ്ടെത്തി. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയിലെ (കുഫോസ്) ഗവേഷകനായ ഡോ.രാജീവ് രാഘവന്‍ ഉള്‍പ്പെട്ട പഠന സംഘമാണ് ഗൂഢമായ ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്ന സ്‌നേക്ക്‌ഹെഡ് (വരാല്‍) കുടുംബത്തില്‍പ്പെട്ട പുതിയ മത്സ്യ ഇനത്തെ കണ്ടെത്തിയത്.

ബ്രിട്ടീഷ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞനും പ്രമുഖ ഫിഷ് ടാക്‌സോണമിസ്റ്റുമായ ഡോ.റാല്‍ഫ് ബ്രിറ്റ്‌സ് നയിക്കുന്ന പഠന സംഘത്തില്‍ കുഫോസിലെ പി.എച്ച്.ഡി വിദ്യാര്‍ഥിയായ വി.കെ.അനൂപും അംഗമാണ്. പുതിയ വരാല്‍ മത്സ്യ ഇനത്തെ കണ്ടെത്തിയ വിവരം ന്യൂസിലാന്‍റില്‍ നിന്ന് പുറത്തിറങ്ങുന്ന ഇന്‍റര്‍നാഷണല്‍ അനിമല്‍ ടാക്‌സോണമി ജേര്‍ണലായ സൂടാക്‌സയുടെ പുതിയ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗോലം സ്‌നേക്കഹെഡ് എന്നാണ് പുതിയ മത്സ്യഇനത്തിന് ഇംഗ്ലീഷിൽ പേരിട്ടിരിക്കുന്നത്. ശാസ്ത്രനാമം അനിക്മാചന ഗോലം. ഇതൊരു പുതിയ മത്സ്യ ഇനം മാത്രമല്ല, വരാല്‍ കുടുംബത്തിലെ പുതിയൊരു വര്‍ഗം കൂടിയാണ് എന്ന പ്രത്യകത കൂടി ഉണ്ട്.

മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള അജീറിന്‍റെ നെല്‍വയലില്‍ നിന്നാണ് പുതിയ മത്സ്യ ഇനത്തെ കണ്ടെത്തിയത്. കഴിഞ്ഞ ആഗസ്റ്റില്‍ കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തിന്‍റെ ശക്തമായ കുത്തൊഴുക്കില്‍ സ്വഭാവിക ആവാസ്ഥ വ്യവസ്ഥയായ ഭൂഗര്‍ഭ ജലഅറയില്‍ നിന്ന് മത്സ്യം പുറത്തെത്തിയതാകാനാണ് സാധ്യത. കണ്ടെത്തിയ മത്സ്യത്തിന് 9.2 സെന്‍റിമീറ്റര്‍ നീളമുണ്ട്.

കേരളത്തില്‍ പൊതുവെ കാണപ്പെടുന്ന വരാല്‍ ഇനങ്ങള്‍ ഉള്‍പ്പടെ സ്‌നേക്കഹെഡ് വര്‍ഗത്തില്‍ ഇതുവരെ 50 ഇനം മത്സ്യങ്ങളെയാണ് ലോകത്ത് ആകമാനം കണ്ടെത്തിയിട്ടുള്ളത്. നോര്‍ത്ത് അമേരിക്ക, ആഫ്രിക്ക, ഏഷ്യാ ഭൂഖണ്ഡങ്ങളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. ജലോപരിതലത്തില്‍ നിന്ന് വായു ശ്വസിക്കുന്ന പ്രകൃതമാണ് ഇവയക്ക്.

അതുകൊണ്ട് തന്നെ വെള്ളമില്ലാത്ത അവസ്ഥയില്‍ കരയില്‍ ആഴ്ചകളോളം ജീവിക്കാന്‍ വരാല്‍ മത്സ്യങ്ങള്‍ക്ക് കഴിയും. കുളങ്ങളും വയലുകളിലെ നീര്‍ച്ചാലുകളും ഉള്‍പ്പെടുന്ന ഉപരിതല ജല ആവാസവ്യവസ്ഥയിലാണ് ഇവ ജീവിക്കുന്നത്. എന്നാല്‍ ഇതിന് വിപരീതമായി ഇപ്പോള്‍ കണ്ടെത്തിയ പുതിയ ഇനം വരാല്‍ ഭൂഗര്‍ഭജല അറകളും ഭൂഗര്‍ഭജലാശയങ്ങളും ആവാസവ്യവസ്ഥയായി സ്വീകരിച്ചിട്ടുള്ള മത്സ്യമാണ്.

ശുദ്ധജല മത്സ്യങ്ങളുടെ വര്‍ഗവും ഇനവും തിരിച്ചുള്ള പഠനത്തില്‍ നിര്‍ണായകമായ വഴിത്തിരിവാണ് പുറം ലോകത്തിന്‍റെ കണ്ണില്‍ പെടാതെ, ഭൂഗര്‍ഭ ജലാശയങ്ങളില്‍ ഒളിച്ചു ജീവിക്കുന്ന ഭുഗര്‍ഭജല വരാല്‍ മത്സ്യ ഇനത്തിന്‍റെ കണ്ടെത്തെലെന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details