എറണാകുളം :കൊച്ചി കുണ്ടന്നൂരിലെ ബാർ ഹോട്ടലിൽ വെടിവയ്‌പ്പ് നടത്തിയ സംഭവത്തിൽ പ്രതി റോജൻ ഉപയോഗിച്ച തോക്ക് കൂടെയുണ്ടായിരുന്ന അഭിഭാഷകന്‍റേതാണെന്ന് കണ്ടെത്തി. അഭിഭാഷകനായ ഹാരോൾഡിന് 2025 വരെ തോക്ക് ലൈസൻസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ബാറിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
ബാറിൽ വെടിവയ്‌പ്പ് നടത്തിയ സംഭവത്തിൽ പ്രതി കൊല്ലം സ്വദേശി റോജനെ ഇന്നലെ (ഒക്‌ടോബർ 26) കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾക്ക് മറ്റൊരു കേസിൽ കഴിഞ്ഞ ദിവസമായിരുന്നു ജാമ്യം ലഭിച്ചത്. ഇതേ തുടർന്നുള്ള ആഘോഷത്തിന്‍റെ ഭാഗമായാണ് ഇയാൾ അഭിഭാഷകനൊപ്പം രണ്ട് മണിയോടെ ഓജീസ് കാന്താരി ബാറിലെത്തിയത്. ഇവർ നാല് മണിയോടെ ബാറിൽ നിന്ന് മടങ്ങവെയാണ് വെടിയുതിർത്തത്.
എന്നാൽ, ബാറുടമകൾ പരാതി നൽകാൻ വൈകുകയായിരുന്നു. വൈകുന്നേരം ഏഴുമണിയോടെ പരാതി ലഭിച്ച ശേഷമാണ് മരട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ചുമരിൽ വെടിയുണ്ട പതിച്ചതിന്‍റെ അടയാളം കണ്ടെത്തിയിരുന്നു.