എറണാകുളം:അസമയത്തെ വെടിക്കെട്ട് നിരോധിച്ച സിംഗിൾ ബഞ്ച് ഉത്തരവ് ഭാഗികമായി റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബഞ്ച്. സുപ്രീം കോടതി ഉത്തരവനുസരിച്ച് രാത്രി 10 മുതൽ രാവിലെ ആറ് വരെയുള്ള വെടിക്കെട്ട് നിരോധനം നിലനിൽക്കും. പ്രത്യേക സാഹചര്യത്തിൽ സർക്കാരിന് ഇക്കാര്യത്തിൽ ഇളവ് നൽകാമെന്നും ഡിവിഷൻ ബഞ്ച്.
അസമയത്തെ വെടിക്കെട്ട് നിരോധിച്ച സിംഗിൾ ബഞ്ചിന്‍റെ ഇടക്കാല ഉത്തരവ് ഭാഗികമായി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സർക്കാരിന്‍റെ അപ്പീൽ അനുവദിച്ചത്. സുപ്രീം കോടതി ഉത്തരവനുസരിച്ച് രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള വെടിക്കെട്ട് നിരോധനം നിലനിൽക്കും. രാവിലെ ആറ് മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിൽ വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണമില്ല. അതിനുശേഷമുള്ള വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം ആവശ്യമാണ്. എന്നാൽ, അതാത് ക്ഷേത്രങ്ങളുടെ ആചാരാനുഷ്‌ടാനങ്ങൾ അനുസരിച്ചും പ്രത്യേക സാഹചര്യത്തിലും സർക്കാരിന് ഇക്കാര്യത്തിൽ ഇളവനുവദിക്കാമെന്നും കോടതി നിർദേശിച്ചു.
സുപ്രീം കോടതി സംരക്ഷണമുള്ളതുകൊണ്ട് തന്നെ തൃശൂർ പൂരത്തെ ബാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് എ.ജെ ദേശായി, വി.ജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ആരാധാനാലയങ്ങളിൽ പരിശോധന നടത്തി അനധികൃത, വെടിക്കെട്ട് സാമഗ്രികൾ പിടിച്ചെടുക്കണമെന്നതടക്കമുള്ള സിംഗിൾ ബഞ്ചിന്‍റെ മറ്റെല്ലാ നിർദേശങ്ങളും ഡിവിഷൻ ബഞ്ച് റദ്ദാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് (നവംബർ 3) അസമയത്തെ വെടിക്കെട്ട് നിരോധിച്ചു കൊണ്ട് സിംഗിൾ ബഞ്ച് ഇടക്കാല ഉത്തരവിറക്കിയത്. അസമയം ഏതെന്നു വ്യക്തമാക്കാത്തതിനെ തുടർന്ന്, സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടി സർക്കാർ അപ്പീൽ നൽകുകയായിരുന്നു.
വെടിക്കെട്ടിന് മാർഗനിർദേശങ്ങളുണ്ടോയെന്ന് അപ്പീൽ ഹർജി പരിഗണിക്കവെ ഡിവിഷൻ ബഞ്ച് ചോദ്യമുന്നയിച്ചിരുന്നു. 2005 മുതൽ മാർഗനിർദേശങ്ങൾ ഉണ്ടെന്നായിരുന്നു ഇതിന് സർക്കാരിന്‍റെ മറുപടി. മരട് ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിക്കണമെന്ന ഹർജിയിലായിരുന്നു സംസ്ഥാനത്താകെ അസമയത്തെ വെടിക്കെട്ട് നിരോധിച്ച് സിംഗിൾ ബഞ്ച് ഇടക്കാല ഉത്തരവിറക്കിയത്.