കേരളം

kerala

By

Published : Mar 3, 2023, 8:36 AM IST

Updated : Mar 3, 2023, 5:41 PM IST

ETV Bharat / state

കൊച്ചിക്ക് ആ(ശ്വാസം): ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീയണച്ചു, പിന്നാലെ അട്ടിമറി ആരോപണം

തീപിടിത്തത്തെ കുറിച്ച് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഫയര്‍ ആന്റ് റെസ്‌ക്യു, കുന്നത്തുനാട് തഹസില്‍ദാര്‍ എന്നിവരോട് വിശദ റിപ്പോര്‍ട്ട് നല്‍കുവാന്‍ ജില്ല കലക്ടര്‍ രേണു രാജ് നിര്‍ദേശം നല്‍കി

fire explosion in brahmapuram  Smoke in kochi  ernakulam news  kerala news updates  kerala today  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ്  ബ്രഹ്മപുരം തീപിടിത്തം  കൊച്ചിനഗരത്തില്‍ പുക  എറണാകുളം ജില്ല  കൊച്ചി വാര്‍ത്തകള്‍
ബ്രഹ്മപുരത്തെ തീപിടിത്തം

ബ്രഹ്മപുരത്തെ തീയണച്ചു

എറണാകുളം:ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണ വിധേയം. പത്തോളം അഗ്നിശമന സേനാ യൂണിറ്റുകൾ പന്ത്രണ്ട് മണിക്കൂർ തുടർച്ചയായി വെള്ളം ചീറ്റിയാണ് തീയണച്ചത്. തീപിടിത്തത്തെ കുറിച്ച് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഫയര്‍ ആന്റ് റെസ്‌ക്യു, കുന്നത്തുനാട് തഹസില്‍ദാര്‍ എന്നിവരോട് വിശദ റിപ്പോര്‍ട്ട് നല്‍കുവാന്‍ ജില്ല കലക്ടര്‍ രേണു രാജ് നിര്‍ദേശം നല്‍കി.

റിപ്പോര്‍ട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെ: ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെയാണ് കലക്‌ടർ റിപ്പോർട്ട് തേടിയത്. കുറച്ചുദിവസം തീ പുകഞ്ഞുകൊണ്ടിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കുവാനും കോര്‍പറേഷന്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യുവിന്റെ രണ്ടു ഫയര്‍ യൂണിറ്റുകളാണ് പുകഞ്ഞുകൊണ്ടിരിക്കുന്ന തീ അണയ്ക്കുന്നതിന് രംഗത്തുള്ളത്.

കൊച്ചിക്ക് ആ(ശ്വാസം): തീപ്പിടിത്തത്തെ തുടർന്ന് നഗരത്തിൽ ഉൾപ്പടെ പുലർച്ചെ പടർന്ന പുക പൂർണ്ണമായും അകന്നിട്ടുണ്ട്. അഗ്നിശമന സേന നടത്തിയ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് ആശങ്കയകന്നത്. തീപ്പിടിത്തത്തെ തുടർന്ന് കൊച്ചിയിലെ നഗര പ്രദേശങ്ങളായ മരട്, കുണ്ടന്നൂർ, തേവര ഭാഗങ്ങളിലാണ് പുലർച്ചെ മുതൽ പുക ഉയർന്നത്. കാറ്റിന്റെ ഗതിയനുസരിച്ചായിരുന്നു പുക വ്യാപിച്ചത്.

രണ്ട് വർഷം മുമ്പ് സമാനമായ തീപ്പിടിത്തമുണ്ടായത് നഗരവാസികളെ ഉൾപ്പടെ പ്രതിസന്ധിയിലാക്കിയിരുന്നു. പുക ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ആളുകൾ പുറത്തിറങ്ങാതെ വീടുകളിൽ അടച്ചിരിക്കേണ്ട സാഹചര്യം വരെയുണ്ടായിരുന്നു. എന്നാൽ ഇത്തവണ വേഗത്തിൽ തീയണക്കാൻ കഴിഞ്ഞതോടെയാണ് നിലവിലെ പ്രതിസന്ധിയൊഴിഞ്ഞത്.

രാജ്യത്ത് തന്നെ വയുമലിനീകരണ തോത് ഏറ്റവും ഉയർന്നു നിൽക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന നഗരമാണ് കൊച്ചി. ബ്രഹ്മപുരത്തെ പുതിയ തീപ്പിടിത്തം വായു മലിനീകരണ തോത് ഉയരാൻ കാരണമാകുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. കോർപ്പറേഷന്റെ മാലിന്യ സംസ്കരണ കേന്ദ്രമായ ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ വ്യാഴാഴ്ച (02.03.23) വൈകുന്നേരം നാലു മണിയോടെയാണ് വൻ തീപിടിത്തമുണ്ടായത്. ആദ്യഘട്ടത്തിൽ അഞ്ച് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ എത്തിച്ചാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. എന്നാൽ തീ പൂർണ്ണമായും അണയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് കൂടുതൽ അഗ്നിശമന സേന യൂണിറ്റുകൾ എത്തിക്കുകയായിരുന്നു.

കാരണം വ്യക്തമായിട്ടില്ല:പ്ലാസ്റ്റിക്ക് മാലിന്യം കൂട്ടിയിട്ടിരിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ വർഷവും ബ്രഹ്മപുരത്ത് സമാനമായ തീപിടിത്തമുണ്ടായിരുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തി അന്തരീക്ഷത്തിൽ പുക ഉയരുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. അതേസമയം മാലിന്യം കുമിഞ്ഞ് കൂടുമ്പോൾ മനപൂർവ്വം തീയിടുകയാണെന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നു.

എല്ലാ വർഷവും ബ്രഹ്മപുരത്ത് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വൻ തീപിടിത്തമുണ്ടാക്കുന്ന സാഹചര്യത്തിൽ ഇത് തടയാനുള്ള മുൻ കരുതൽ നടപടികളൊന്നും അധികൃതർ സ്വീകരിക്കാത്തതും തീപ്പിടിത്തം ആവർത്തിക്കാൻ കാരണമാവുകയാണ്. വർഷാവർഷങ്ങളിലുണ്ടാകുന്ന വൻ തീപ്പിടിത്തം പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോശത്തെ കുറിച്ച് കാര്യമായി ചർച്ച ചെയ്യപെടുകയോ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുകയോ ചെയ്തിട്ടില്ല.

ആറുവർഷം മുമ്പ് സമാനമായ രീതിയിൽ തീപ്പിടിത്തമുണ്ടായപ്പോൾ അട്ടിമറി ആരോപണം ശക്തമായിരുന്നു. അന്ന് മേയറായിരുന്ന സൗമിനി ജെയിൻ തന്നെ ഇതിനെ പിന്തുണക്കുകയും പൊലീസില്‍ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ തുടർ അന്വേഷണങ്ങൾ എങ്ങുമെത്തിയിരുന്നില്ല. ഇതിനു ശേഷം ഇവിടെ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും പിന്നീടുണ്ടായ തീപ്പിടിത്തത്തിൽ അട്ടിമറി ആരോപണത്തിന് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

അട്ടിമറി ആരോപണം: മാലിന്യ സംസ്കരണ പ്ലാന്റ് നടത്തിപ്പ് കരാർ അവസാനിച്ചതിന്റെ പിറ്റേ ദിവസം തന്നെ തീപ്പിടിത്തമുണ്ടായത് സംശയകരമാണെന്ന നിലപാടാണ് കൊച്ചി കോർപ്പറേഷൻ ഭരിക്കുന്ന സി.പി.ഐ തന്നെ നിലപാട് സ്വീകരിച്ചത്. കരാർ പുതുക്കുന്നത് ഉൾപ്പടെയുളള വിഷയങ്ങളിൽ ഇടതു മുന്നണിയിൽ ആവശ്യമായ ചർച്ചകൾ നടക്കാറില്ലെന്ന വിമർശനവും സി.പി.ഐ കൗൺസിലർ സി.എ.സക്കീർ ഉന്നയിച്ചിട്ടുണ്ട്.

കൊച്ചി നഗരത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ബ്രഹ്മപുരത്ത് എത്തിച്ചാണ് സംസ്കരിക്കുന്നത്. എന്നാൽ ശാസ്ത്രീയ പ്ലാന്റ് സ്ഥാപിച്ച് മാലിന്യ സംസ്ക്കരണം കാര്യക്ഷമമാക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു. ഇതിനായി നിരവധി പദ്ധതികൾ അവതരിപ്പിക്കപ്പെട്ടുവെങ്കിലും ഒന്നും യാഥാർഥ്യമായിട്ടില്ല.

മാലിന്യ സംസ്ക്കരണത്തിന്റെ മറവിൽ കൊച്ചിയിൽ അഴിമതി വ്യാപകമാണെന്ന വിമർശനവും നേരത്തെ തന്നെ ഉയർന്നിരുന്നു. മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടർന്ന് കൊച്ചി കോർപ്പറേഷൻ ഭരണമുന്നണിയിലും പുതിയ രാഷ്ട്രീയ വിവാദം പുകയുകയാണ്. ഇത് പ്രതിപക്ഷം കൂടി ഏറ്റെടുത്താൽ സമീപ ദിവസങ്ങളിൽ കൊച്ചിയിലെ മാലിന്യ പ്രശ്നം വീണ്ടും സജീവമായ രാഷ്ട്രീയ ചർച്ച വിഷയമായി മാറുമെന്നതിൽ സംശയമില്ല.

Last Updated : Mar 3, 2023, 5:41 PM IST

ABOUT THE AUTHOR

...view details